ടാറ്റ ഹാരിയറിനെയും സഫാരിയെയും മലർത്തിയടിച്ച് മഹീന്ദ്ര സ്കോർപിയോ മോഡലുകൾ

ഇന്ത്യൻ വാഹന വിപണിയിലെ എസ്‌യുവി സ്പെഷ്യലിറ്റായ മഹീന്ദ്ര തങ്ങളുടെ സ്കോർപിയോ (Mahindra Scorpio) ഇരട്ടകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയാണ്. വർഷങ്ങളോളം നിരത്തുകൾ ഭരിച്ച മോഡലിന്റെ പുതുക്കിയ പതിപ്പായ സ്കോർപിയോ ക്ലാസിക്ക്, ആധുനികമായ ഡിസൈനും ഫീച്ചറുകളുമായി എത്തിയ സ്കോർപിയോ എൻ എന്നിവയുടെ വിൽപ്പന വൻതോതിൽ ഉയരുന്നു. 2023 മാർച്ചിൽ സ്‌കോർപിയോ ക്ലാസിക്, സ്‌കോർപിയോ എൻ എന്നിവയുടെ 8,788 യൂണിറ്റുകളാണ് വിൽപ്പന നടത്തിയതെന്ന് മഹീന്ദ്ര (Mahindra) പ്രഖ്യാപിച്ചു.

2023 മാർച്ചിലെ ഈ മികച്ച പെർഫോമൻസിലൂടെ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്ക്, സ്കോർപിയോ എൻ എന്നിവ എതിരാളികളായ ടാറ്റ ഹാരിയർ, ടാറ്റ സഫാരി, എംജി ഹെക്ടർ, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായ് അൽകാസർ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളെ പിന്നിലാക്കി. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയമായ XUV700നെപ്പോലും മഹീന്ദ്ര സ്കോർപിയോ മോഡലുകൾ പിന്തള്ളിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ വെയിറ്റിങ് കാലയളവും വളരെ കൂടുതലാണ്.

2022 മാർച്ചിൽ മഹീന്ദ്ര സ്കോർപിയോയുടെ 6,061 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം സ്കോർപ്പിയോയുടെ ഇപ്പോൾ ക്ലാസിക്ക് എന്ന് വിളിക്കുന്ന മോഡൽ മാത്രമാണ് ഉണ്ടായിരുന്നത്. സ്കോർപ്പിയോ എൻ അടുത്തിടെയാണ് വിൽപ്പനയ്ക്ക് എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിൽപ്പനയിൽ ഉണ്ടായ ഗണ്യമായ വളർച്ച സ്കോർപിയോ എൻ ചുരുങ്ങിയ കാലയളവിൽ നേടിയെടുത്ത ജനപ്രിതിയുടെ കൂടി തെളിവാണ്.

സ്കോർപിയോയ്ക്ക് 26.45% പ്രതിമാസ വളർച്ചയും രേഖപ്പെടുത്തി, 2023 ഫെബ്രുവരിയിൽ രണ്ട് പതിപ്പുകളുടെയും 6,950 യൂണിറ്റുകളാണ് കമ്പനിക്ക് വിൽപ്പന നടത്താനായത്. സ്കോർപിയോ എൻ മോഡൽ കൂടി ചേർത്തതുകൊണ്ടാണ് സ്കോർപിയോ മോഡലുകളുടെ വിൽപ്പന ടാറ്റയുടെയും എംജിയുടെയും വാഹനങ്ങളുടെ വിൽപ്പനയെ മറികടന്നത്.

സ്കോർപിയോ ക്ലാസിക്, സ്കോർപിയോ എൻ എന്നിവ ബുക്ക് ചെയ്യുന്ന ആളുകൾക്ക് 20 മാസം വരെ വെയിറ്റിങ് പിരീഡാണുള്ളത്. ഈ കാത്തിരിപ്പ് കാലയളവ് വാഹനങ്ങളുടെ ജനപ്രിതി വെളിവാക്കുന്നു. സ്കോർപിയോയ്ക്ക് തൊട്ട് പിന്നിൽ മഹീന്ദ്ര XUV700 ഉണ്ട്. 2023 മാർച്ചിൽ 5,107 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. രാജ്യത്തെ യൂട്ടിലിറ്റി വെഹിക്കിൾസിൽ എംജി ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയുടെ 4,105 യൂണിറ്റ് മോഡലുകളാണ് വിൽപ്പന നടത്തിയത്. ടാറ്റ മോട്ടോഴ്‌സ് 2,561 യൂണിറ്റ് ഹാരിയറും 1,890 യൂണിറ്റ് സഫാരിയും വിൽപ്പന നടത്തി. ഹ്യുണ്ടായ് അൽകാസറിന്റെ 2,519 യൂണിറ്റുകളാണ് മാർച്ചിൽ വിൽപ്പന നടത്തിയത്.

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്ക്

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്ക്

മഹീന്ദ്ര സ്കോർപിയോ നെയിംപ്ലേറ്റിന് കീഴിലുള്ള സ്കോർപ്പിയോ ക്ലാസിക്, സ്കോർപിയോ-എൻ എന്നിവയിൽ സമാനമായ എഞ്ചിനുമായി വരുന്നു. 6 സ്പീഡ് മാനുവൽ ഗിയർബോക്സുള്ള വാഹനത്തിൽ 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണുള്ളത്. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്ക് ഡീസൽ ഓൺലി മോഡലായിട്ടാണ് വരുന്നത്. ഈ ഡീസൽ എഞ്ചിൻ 132 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.​

മഹീന്ദ്ര സ്കോർപിയോ എൻ

മഹീന്ദ്ര സ്കോർപിയോ എൻ

മഹീന്ദ്ര സ്കോർപിയോ എൻ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2-ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ വാഹനം ലഭിക്കുന്നത്. ഇവ രണ്ടും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാകും. പെട്രോൾ എഞ്ചിൻ 203 ബിഎച്ച്പി മാക്സിമം പവറും 380 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ എഞ്ചിൻ 175 ബിഎച്ച്പി പവറും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.