ആരാധ്യയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍; ഉടന്‍ നീക്കം ചെയ്യണമെന്ന് HC

അമിതാഭ് ബച്ചന്റെ ചെറുമകള്‍ ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നുത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഭാവിയിലും ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന്‍, തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് യുട്യൂബ് ചാനല്‍ ടാബ്ലോയിഡിനെതിരെ ബുധനാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചോദ്യം ചെയ്ത ഹൈക്കോടതി, ഇത്തരം തെറ്റിദ്ധാരണാജനകമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നയങ്ങളില്ലേ എന്നും ചോദിച്ചു. ഉപയോക്താക്കള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം നല്‍കിയെന്ന് മാത്രം പറഞ്ഞാല്‍ പോരെന്നും ഡല്‍ഹി ഹൈക്കോടതി യുട്യൂബിനോട് പറഞ്ഞു. ഹര്‍ജിയില്‍ കക്ഷികളാക്കിയ ഗൂഗിളിനെയും എല്ലാ യൂട്യൂബ് പ്ലാറ്റ്ഫോമുകളെയും കോടതി വിളിച്ചുവരുത്തുകയും ഐടി നിയമങ്ങളിലെ ഭേദഗതി അനുസരിച്ച് അവരുടെ നയം മാറ്റിയിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. യൂട്യൂബ് വീഡിയോയോട് കോടതി എതിര്‍പ്പ് പ്രകടിപ്പിക്കുകയും എല്ലാ കുട്ടികള്‍ക്കും ബഹുമാനത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറയുകയും ചെയ്തു.  ഇത്തരം വ്യാജവാര്‍ത്തകള്‍ തടയേണ്ടത് പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.