പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്

പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, മെയ് ഒന്ന് മുതലാണ് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. മോഡലും ട്രിമ്മും അനുസരിച്ച് വില വർദ്ധനവ് പരമാവധി 0.6 ശതമാനമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2023- ൽ മൂന്നാം തവണയാണ് ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്.

2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ 1.2 ശതമാനം വരെയാണ് വില വർദ്ധിപ്പിച്ചത്. അതേസമയം, ഫെബ്രുവരിയിൽ നെക്സോൺ ഇവി മാക്സിന്റെ വില കുറച്ചിരുന്നു.

വില വർദ്ധിപ്പിക്കുന്നതിനോടൊപ്പം പുതിയ മോഡലുമായി ടാറ്റ മോട്ടോഴ്സ് എത്തിയിട്ടുണ്ട്. 16.49 ലക്ഷം രൂപ വില വരുന്ന നെക്സോൺ ഇവി മാക്സ്എക്സ് എം ആണ് വിപണിയിൽ അവതരിപ്പിച്ചത്. ഒട്ടനവധി പ്രീമിയം ഫീച്ചറുകളാണ് ഈ മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ ഫീച്ചറുകൾ ഈ മോഡലിൽ ലഭ്യമാണ്.