ദി റിയൽ ചിയാന്റെ രൂപമാറ്റത്തിന് പിന്നിലെ രഹസ്യം ?

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളായി ഒരുക്കിയ സിനിമ സംവിധാനം ചെയ്തത് മണിരത്നം ആണ്. കഴിഞ്ഞ സെപ്റ്റംബറിൽ റിലീസ് ചെയ്ത പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ എത്തിയതിൻറെ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

വിക്രം, കാർത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഫോട്ടോയിലെ വിക്രമിന്റെ ഏറ്റവും പുതിയ ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീണ്ട മുടിയും താടിയും, തീരെ മെലിഞ്ഞ രൂപവുമാണ് ചിത്രത്തിലുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ സിനിമയ്ക്ക് വേണ്ടിയാണ് വിക്രം ഈ രൂപമാറ്റം നടത്തിയത്. മലയാളികളായ പാർവതിയും മാളവിക മോഹനനുമാണ് സിനിമയിൽ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ  സിനിമയാണ് ‘തങ്കലാൻ’. ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.

ഏപ്രിൽ 28ന് ആണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ് ചെയ്യുനത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ പ്രമേയമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ തയ്യാറാക്കിയത്. വൻതാരനിര അണിനിരന്ന സിനിമ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും അഞ്ച് ഭാഷകളിൽ തന്നെ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിലാണ് സിനിമയുടെ യഥാർത്ഥ കഥ പറയുന്നതെന്നാണ് റിപ്പോർട്ട്. പിഎസ്-1 കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ്  പിഎസ്-2 കേരളത്തിൽ വിതരണം ചെയ്യുന്നത്.