സൽമാൻ ഖാനും പൂജ ഹെഗ്ഡെയും പ്രണയത്തിൽ; നടിയുടെ മറുപടി

നടൻ സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. ഇത്തരത്തിൽ തന്നെ കുറിച്ച് വരുന്ന വാർത്തകൾ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും പൂജ പറഞ്ഞു. ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന സൽമാൻ ചിത്രത്തിൽ പൂജ നായികയായി എത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും അടുത്തിടെ പരസ്പരം കാണുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവർ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്.

‘ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം’, എന്ന് പൂജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും പാലക് തിവാരിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.