രാവിലെ ഉണര്‍ന്ന് എണീക്കുമ്പോൾ കടുപ്പത്തിലൊരു ആപ്പിള്‍ ആയാലോ?

രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ നല്ല കടുപ്പത്തിലൊരു ചായയോ കാപ്പിയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. കാര്യം നല്ല ചൂട് ചായ ഗുപ്തനെ പോലെ ഊതി ഊതി കുടിക്കുമ്പോൾ ഒരു ഉഷാറൊക്കെ തോന്നുമെങ്കിലും ഇത് ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പല്ലെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ഇതിന് പകരം ദിവസം ആരംഭിക്കുന്നത് ഒരു ആപ്പിള്‍ കഴിച്ചു കൊണ്ടായാല്‍ ഗുണങ്ങള്‍ പലതാണെന്ന് ന്യൂട്രീഷനിസ്റ്റ് നമാമി അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ പങ്ക് വച്ച് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് നമാമി ആപ്പിള്‍ കഴിച്ചു കൊണ്ട് ദിവസം ആരംഭിച്ചാലുള്ള ഗുണങ്ങള്‍ പങ്കു വയ്ക്കുന്നത്.

ആപ്പിളില്‍ കഫൈന്‍ ഇല്ലെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര ചായയോ കാപ്പിയോ പോലെ ശരീരത്തെ ഉണര്‍ത്തുമെന്ന് നമാമി വിശദീകരിക്കുന്നു. ഇതിലെ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയെയും ബാലന്‍സ് ചെയ്ത് നിര്‍ത്തി ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ആപ്പിള്‍ കഴിച്ചാലുള്ള മറ്റു ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.

ആപ്പിളിലെ ഫൈബര്‍ ദഹന പ്രക്രിയയെ മെച്ചപ്പെടുത്തും. വയറിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മലബന്ധം പോലുള്ളവ തടയുന്നതിനും ആപ്പിള്‍ ശീലമാക്കിയാല്‍ സാധിക്കും.

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ ശരീരത്തിലേക്ക് അധികമായി കാര്‍ബോഹൈഡ്രേറ്റ് ചെല്ലുന്നത് തടുക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാതിരിക്കാനും ആപ്പിള്‍ നല്ലതാണ്. കോശങ്ങളിലെ ഇന്‍സുലിന്‍ റിസപ്റ്ററുകളെയും പോളിഫെനോളുകള്‍ ഉദ്ദീപിപ്പിക്കും.

അയണിന്‍റെ സമ്പന്ന സ്രോതസ്സാണ് ആപ്പിള്‍. ഇതിനാല്‍ വിളര്‍ച്ച രോഗമുള്ളവര്‍ ആപ്പിള്‍ കഴിക്കാന്‍ ശ്രമിക്കേണ്ടതാണ്.

ആപ്പിളിലെ ഫൈബര്‍ ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കുന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാന്‍ സാധിക്കും. ഇത് ഭാരം കുറയ്ക്കാനും സഹായകമാണ്.

വന്‍കുടലിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ആപ്പിള്‍ സഹായിക്കും. ദഹനനാളിയിലെ ചയാപചയ പ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ ഹാനികരമായ വിഷാംശങ്ങളെ നീക്കം ചെയ്യാനും ആപ്പിള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും.