എട്ട് ക്രൈസ്തവസഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി: വിശദവിവരങ്ങൾ ഇങ്ങനെ

എറണാകുളം: കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി താജ് മലബാർ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ എട്ട് കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളുടെ മേധാവിമാർ പ്രധാനമന്ത്രിയുമായി സംവദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് അകമഴിഞ്ഞ സഹകരണമാണ് ബിജെപിക്ക് ലഭിക്കുന്നതെന്നും അത്തരം സഹായം കേരളത്തിൽനിന്ന് ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരോട് ആവശ്യപ്പെട്ടു. മാർപാപ്പയെ ഇന്ത്യയിലേക്ക് സന്ദർശനത്തിന് ക്ഷണിച്ചതായും അദ്ദേഹം ഉടൻ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കസഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ലത്തീൻ സഭ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ക്‌നാനായ കത്തോലിക്ക കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, മലങ്കര ഓർത്തഡോക്‌സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്, പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യൻ പരമാധ്യക്ഷൻ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത, ക്‌നാനായ സുറിയാനി സഭയെ പ്രതിനിധീകരിച്ച് കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മതമേലദ്ധ്യക്ഷന്മാർ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.