ഫോൺ ചോർത്തൽ തുറന്നു പറഞ്ഞതിന് പിന്നാലെ ക്രൈംബ്രാഞ്ചിലെ രഹസ്യരേഖയും പുറത്തുവിട്ടു, അൻവറിനെതിരെ നടപടിയില്ലേയെന്ന് ചോദ്യം
മലപ്പുറം: താൻ ഫോൺ ചോർത്തിയെന്ന് പരസ്യമായി പറഞ്ഞിട്ടും പി വി അൻവർ എംഎൽഎയ്ക്കെതിരെ നടപടിയെടുക്കാൻ കേരള പൊലീസ് തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്തുവിട്ടിട്ടും കേരള പൊലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള പൊലീസിലെ ആഭ്യന്തര ആശയവിനിമയം എങ്ങനെ ചോർന്നു എന്നതിൽ പോലും അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകുന്നില്ല. സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റവും രഹസ്യരേഖകൾ ചോർത്തലും ഉൾപ്പെടെ അതീവ ഗുരുതരമായ തെറ്റുകൾ ചെയ്തെന്ന് പരസ്യമായി പറഞ്ഞിട്ടും അൻവറിനെതിരെ ചെറുവിരൽ പോലും അനക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിലാണ് പൊലീസ്. കേരള പൊലീസ് അൻവറിനെ ഇത്രയും ഭയക്കുന്നെങ്കിൽ അൻവറിന് പിന്നിൽ ആരെന്ന ചോദ്യം വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായി ഉയരുകയാണ്.
എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണം ഉന്നയിച്ച പത്രസമ്മേളനത്തിലാണ് താനും ഫോൺ ചോർത്തിയിട്ടുണ്ടെന്ന് പിവി അൻവർ വെളിപ്പെടുത്തിയത്. കുറ്റമേറ്റുപറഞ്ഞ എം.എൽ.എ, അതിന്റെ നിയമനടപടി നേരിടാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാഥമിക അന്വേഷണം പോലും നടത്താൻ പൊലീസ് തയ്യാറായിരുന്നില്ല. അതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിലെ രഹസ്യരേഖയും അൻവർ പുറത്തുവിട്ടത്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ പുറത്തുവിട്ടത്. ആശ്രമം കത്തിക്കൽ കേസ് ആർഎസ്എസ് അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അൻവർ ആരോപിച്ചത്. വാർത്താ സമ്മേളനത്തിൽ റിപ്പോർട്ട് പുറത്തുവിട്ട ശേഷം അൻവർ സ്വന്തം ഫേസ്ബുക്ക് പേജിലും ഈ രേഖ ഇട്ടു. പൊലീസിലെ രഹസ്യ രേഖ എങ്ങനെ ചോർന്നുവെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് ഒരുന്വേഷണവും നടത്തുന്നില്ല.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോർട്ടാണ് ചോർന്നത്. പൊലീസുകാർ ഉപയോഗിക്കുന്ന അയാപ്സ് സോഫ്റ്റുവർ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോർന്നത്. ഈ റിപ്പോർട്ടിൽ നടപടി വേണമെന്നാവശ്യപ്പെട്ട് അൻവർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ചോർച്ച അന്വേഷിക്കാതെ നടപടി മാത്രം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഉയരുന്ന ചോദ്യം. അന്വേഷണ റിപ്പോർട്ട് പേട്ടയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും, പകർപ്പുകൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും, ആഭ്യന്തരവകുപ്പിലും, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലുമാണുള്ളത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് പ്രത്യേക സംഘവും ക്രൈംബ്രാഞ്ചും വർഷങ്ങളോളം അന്വേഷിച്ചു. പക്ഷെ ചിലരെ മാത്രം ലക്ഷ്യവച്ചുള്ള റിപ്പോർട്ടിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി തന്നെ സംശയം പ്രകടിപ്പിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. കൻോമെൻ്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിൽ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതി പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സഹോദരനോട് നടത്തിയ കുറ്റസമ്മതം പുറത്തുവന്നതോടെയാണ് പ്രതികളിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ആശ്രമം കത്തിച്ച ശേഷം ഒരു റീത്തിൽ കുറിപ്പെഴുതിയ പ്രതി പ്രകാശ് വച്ചിരുന്നു.
കേസിൽ പ്രധാന തെളിവാകേണ്ട പ്രകാശിൻറെ കൈയക്ഷരവും റീത്തുമെല്ലാം ഇപ്പോൾ കാണാനില്ല. സ്ഥലത്തെത്ത് നിന്നും പൊലീസെടുത്ത് റീത്ത് റിപ്പ് പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരൻ കോടതിയിൽ നിന്നും വാങ്ങിയതായി രേഖയുണ്ട്, സ്റ്റേഷനിൽ എത്തിച്ചതിന് രേഖയില്ല. ഈ പൊലീസുകാരനെതിരെ റിപ്പോർട്ടിൽ നടപടിയില്ല. സൈബർ പൊലീസാണ് നിരവധി പേരുടെ ഫോൺ വിശദാംശങ്ങളെടുത്തത്. സിസിടിവി ദൃശ്യങ്ങൾ ഷാഡോ പൊലീസാണ് ശേഖരിച്ച് പ്രത്യേക സംഘത്തിന് കൈമാറിയത്. ഇതിൽ പലതും കാണാനില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
നിരവധി കൈമാറിയ രേഖകൾ കാണാതായിട്ടും നടപടി മുൻ കൻോമെൻ്റ് അസി.കമ്മീഷണർ ദിനിൽ രാജിനും ഷാഡോ പൊലീസിനെതിരെ മാത്രമൊതുക്കി. റീത്ത് കാണായതായതെങ്ങനെന്നത്തിൽ ക്രൈംബ്രാഞ്ചിന് മറുപടിയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം സിസിടിവി ശേഖരിച്ചു നൽകിയും, ഫോൺ രേഖ പരിശോധിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നാണ് പ്രധാന ചോദ്യം. മാത്രമല്ല അന്വേഷണം നടത്തിയ മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ഇപ്പോൾ ബിജെപി പ്രവർത്തകനുമായ രാജേഷ് അന്വേഷണം വഴിതിരിച്ചുവെന്നാണ് അൻവറിൻറെ ആരോപണം. എന്നാൽ രാജേഷിനെതിരെ ഒരു നടപടിയും ഈ റിപ്പോർട്ടിൽ പറയുന്നുമില്ല.