കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

ഇന്ത്യയിലെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് ആയ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ അതേസമയം തന്നെ ഉദ്ഘാടന സര്‍വീസ് നടക്കും. ബുധനാഴ്ച മുതലാണ് റെഗുലര്‍ സര്‍വീസ് തുടങ്ങുക. വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനത്തോടെ പൊതുഗതാഗത രംഗത്ത് പുതിയൊരു കാല്‍വെപ്പാണ് സംസ്ഥാനം നടത്തുന്നത്.

പ്രാരംഭ ഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുക. ബോട്ടുകളില്‍ നൂറുപേര്‍ക്ക് സഞ്ചരിക്കാം. ഹൈക്കോടതി ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയാണ് ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയര്‍ന്ന നിരക്ക് 40 രൂപയാണ്. മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്‌ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്.

കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടിയാണ് നിര്‍മാണ ചെലവ്. വൈദ്യുതി ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ബാറ്ററി നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനുട്ട് സമയം മാത്രം മതിയാകും. ഇതിലൂടെ ഒരു മണിക്കൂര്‍ ബോട്ട് ഓടിക്കാനാകും എന്നിവയൊക്കെ ഈ വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്.