യേശുവിനെ കാണാൻ’കൊടും കാട്ടിനുള്ളിൽ കിടന്നവർ എല്ലാം മരിച്ചത് പട്ടിണി മൂലമല്ല! നടന്നത് ക്രൂര കൊലപാതകം

മൊംബാസ: മതപ്രഭാഷകന്‍റെ വാക്ക് കേട്ട് കെനിയയിൽ പട്ടിണികിടന്നവരിൽ ചിലരുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്. കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആണ് ഗുരുതര കണ്ടെത്തലുകൾ. മരിച്ചവരിൽ ചിലരെ കഴുത്ത് ഞെരിച്ചോ തല്ലിയോ ശ്വാസം മുട്ടിച്ചോ കൊന്നതാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നത്. മരിച്ചവരുടെ എണ്ണം 110 കടന്നു. തീരനഗരമായ മായ മാലിന്ദിയില്‍നിന്ന് കുട്ടികളുടേതടക്കം 110 മ‍ൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു.

വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണി കിടന്ന 34 പേരെ പൊലീസ് ഇതിനകം രക്ഷപ്പെടുത്തി. ഗുഡ് ന്യൂസ് ഇന്‍റര്‍നാഷണല്‍ ചര്‍ച്ചിലെ പ്രഭാഷകനായ പോള്‍ മക്കെന്‍സിയുടെ വാക്കുകേട്ടാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്. മരണപ്പെട്ടവരിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. വനത്തിൽ പോയി പട്ടിണി കിടന്ന് മരിച്ചാൽ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്ന ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്റർ പോൾ മക്കെൻസിയുടെ വാക്കു കേട്ട് പോയ വിശ്വാസികളാണ് മരണത്തിന് കീഴടങ്ങിയത്.

ഷാകഹോല വനത്തിലാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരുടെ കുഴിമാടം ഉള്‍പ്പെടെ ഇവിടെ നിന്ന് പോലീസ് കണ്ടെത്തി. പ്രദേശത്ത് കെനിയൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. 800 ഏക്കറോളം വിശാലമായ വനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂര്‍ കിന്‍ഡികി വ്യക്തമാക്കി. ചൊവ്വാഴ്ച 30ഉം കഴിഞ്ഞദിവസം 10 പോസ്റ്റ്‌മോർട്ടവുമാണ് നടത്തിയതെന്ന് ചീഫ് ഗവൺമെന്റ് പത്തോളജിസ്റ്റ് ജോഹാൻസെൻ ഒഡൂർ പറഞ്ഞു. പട്ടിണിയാണ് മരണത്തിന്റെ പ്രധാന കാരണമെന്നും എന്നാൽ ചിലരെ കൊലപ്പെടുത്തിയതാണെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി. ആകെയുള്ള 40 മൃതദേഹങ്ങളിൽ രണ്ട് കുട്ടികളടക്കം നാലെണ്ണത്തിൽ ശ്വാസംമുട്ടി മരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായി അദ്ദേഹം പറഞ്ഞു. മറ്റെരു കുട്ടിക്ക് മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിയേറ്റതായാണ് ​നി​ഗമനം.