ജന്തർമന്തറിൽ ഗുസ്തി താരങ്ങളും പോലീസും തമ്മിൽ വാക്കേറ്റം

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിച്ച ഗുസ്തിക്കാരും ഡൽഹി പോലീസും തമ്മിൽ വാക്കേറ്റം. പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പ്രതിഷേധിച്ച കായികതാരങ്ങൾ ആരോപിച്ചു.

ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ തലസ്ഥാനത്ത് പ്രതിഷേധം നടക്കുന്നത്. ആം ആദ്മി പാർട്ടി എംഎൽഎ സോമനാഥ് ഭാരതിയെ പ്രതിഷേധ സ്ഥലത്ത് നിന്ന് പോലീസ് തടഞ്ഞുവച്ചു. അനുമതിയില്ലാതെ കിടക്കകളുമായി ഭാരതി പ്രദേശത്തെത്തിയതായി ഡൽഹി പോലീസ് പറഞ്ഞു. മറുവശത്ത്, പോലീസുമായുള്ള വഴക്കിൽ തന്റെ സഹോദരന് പരിക്കേറ്റതായി ഗുസ്തി താരം ഗീത ഫോഗട്ട് ആരോപിച്ചു.

“പോലീസ് ഞങ്ങളെ ആക്രമിക്കുകയാണ്. ഇനി ഒരു കായിക താരങ്ങളും രാജ്യത്തിനായി മെഡൽ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല”- മാധ്യമങ്ങളോട് സംസാരിച്ച വിനേഷ് ഫോഗട്ട് പറഞ്ഞു.

“ഞങ്ങൾക്ക് രാജ്യത്തിന്റെ മുഴുവൻ പിന്തുണയും ആവശ്യമാണ്, എല്ലാവരും ഡൽഹിയിലേക്ക് വരണം. പോലീസ് ഞങ്ങൾക്കെതിരെ ബലപ്രയോഗം നടത്തുന്നു, സ്ത്രീകളെ അധിക്ഷേപിക്കുന്നു, ബ്രിജ്ഭൂഷണിനെതിരെ ഒന്നും ചെയ്യുന്നില്ല” –  ബജ്രംഗ് പുനിയ പറഞ്ഞു.