പുടിനെതിരായ വധശ്രമം; ആരോപണം നിഷേധിച്ച് യുക്രൈന്‍

റഷ്യന്‍ പ്രസിഡന്റ് (Russian president) വ്ളാഡിമിര്‍ പുടിനെ (Vladimir Putin) വധിക്കാന്‍ ശ്രമിച്ചെന്ന (assassination attempt) ആരോപണം നിഷേധിച്ച് യുക്രൈന്‍ (Ukraine). പ്രസിഡന്റിന്റെ വസതിയായ ക്രെംലിനില്‍ നടന്നെന്നു പറയുന്ന ആക്രമണത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും അറിയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ (Volodymyr Zelensky) പ്രസ് സെക്രട്ടറി പറഞ്ഞു

‘ക്രെംലിനിലെ രാത്രി ആക്രമണങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവുമില്ല, പക്ഷേ പ്രസിഡന്റ് സെലെന്‍സ്‌കി ആവര്‍ത്തിച്ച് പറഞ്ഞതുപോലെ, ലഭ്യമായ എല്ലാ ശക്തികളും മാര്‍ഗങ്ങളും ഉപയോഗിച്ച് യുക്രൈന്‍ അവരുടെ പ്രദേശങ്ങള്‍ സ്വതന്ത്രമാക്കാനാണ് ശ്രമിക്കുന്നത്. മറ്റുള്ളവരെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ല’  പ്രസ് സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

യുക്രൈന്‍ വിക്ഷേപിച്ച രണ്ട് ഡ്രോണുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായാണ് റഷ്യയുടെ ആരോപണം. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കൊല്ലാന്‍ യുക്രൈന്‍ ശ്രമിച്ചുവെന്ന് റഷ്യ ആരോപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ പ്രസിഡന്റിന് പരിക്കേറ്റിട്ടില്ലെന്നും കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ക്രെംലിന്‍ കൂട്ടിച്ചേര്‍ത്തു.