സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു, രക്ഷപ്പെട്ടവരിൽ മലയാളികളും; രക്ഷയായത് ഓപ്പറേഷൻ കാവേരി

ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ കാവേരി. സംഘർഷഭരിതമായ യുദ്ധ മുഖത്ത് നിന്നും അഞ്ഞൂറിലധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. നേവിയുടെ ഐ.ന്‍.എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമായി 534 ഇന്ത്യക്കാരെയാണ് സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. മലയാളികളും ഈ സംഘത്തിലുണ്ട്.

സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് ഇന്ത്യൻ പൗരന്മാർ അടങ്ങിയ നാവികസേനയുടെ ഐ.എന്‍.എസ് സുമേധ ജിദ്ദ തുറമുഖത്ത് അടുത്തത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം സൗദി വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. സുഡാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍ കയ്യടികളോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തിയത്. സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേവിയുടെ ഐ.എന്‍.എസ് തേഗ് പോര്‍ട് സുഡാനിലെത്തിയിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സുഡാനിൽ ആകെ മൂവായിരത്തോളം ഇന്ത്യക്കാ‍രുണ്ടെന്നാണ് കണക്ക്.

അതേസമയം, സുഡാനിൽ 11 ദിവസത്തിലധികമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ, 459 പേർ കൊല്ലപ്പെടുകയും 4,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് വെടിനിർത്തൽ കരാറുകൾ പരാജയപ്പെട്ടതായി യു.എൻ ഏജൻസികൾ അറിയിച്ചു. തലസ്ഥാനമായ കാർട്ടൂമിലെ ഒരു സാംക്രമിക രോഗ ലബോറട്ടറി യുദ്ധം ചെയ്യുന്ന വിഭാഗങ്ങളിലൊന്ന് പിടിച്ചെടുത്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു. സുഡാൻ സായുധ സേനയും (SAF) അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള വെടിനിർത്തൽ കരാർ ഭാഗികമായി നിലനിൽക്കുകയാണെന്ന് റിപ്പോർട്ട് കിട്ടിയതായി യു.എൻ സുരക്ഷാ കൗൺസിൽ അറിയിച്ചു. എന്നിരുന്നാലും, യുദ്ധം ചെയ്യുന്ന ജനറൽമാർ ഗൗരവമായ ചർച്ചയ്ക്ക് തയ്യാറാണെന്നതിന്റെ സൂചനകളൊന്നുമില്ല. തങ്ങളുടെ ശത്രുക്കളിൽ സൈനിക വിജയം ഉറപ്പാക്കാൻ കഴിയുമെന്ന് തന്നെയാണ് ഇരുവിഭാഗങ്ങളും കരുതുന്നത്.