<p>ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റി എഫ്സിയിൽ നിന്ന് ചില വിദേശസൂപ്പർതാരങ്ങൾ പുറത്തുപോയേക്കുമെന്ന് സൂചന. ക്യാപ്റ്റൻ കൂടിയായ സ്റ്റാർ ഡിഫൻഡർ മോർത്താദ ഫോൾ ക്ലബ് വിടുമമെന്ന കാര്യം ഏതാണ്ട് ഉറപ്പിക്കാമെന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത്. മിഡ്ഫീൽഡ് ജെനറൽ അഹമ്മദ് ജഹുവും ക്ലബുമായി ഇതുവരെ കരാർ പുതുക്കിയില്ല എന്നാണ് സൂചന.</p>
<p>2020-21 ഐഎസ്എൽ സീസണിലാണ് സെനഗലീസ് താരമായ ഫോളും മൊറോക്കൻ താരമായ ജഹുവും മുംബൈയിലെത്തിയത്. സിറ്റി ഫുട്ബോൾ ഗ്രൂപ്പ് മുംബൈയെ ഏറ്റെടുക്കുകയും പരിശീലകനായി സെർജിയോ ലൊബേറ വരികയും ചെയ്തതോടെയാണ് ഇരുവരും ഗോവയിൽ നിന്ന് മുംബൈയിലേക്ക് കളംമാറ്റിയത്. നേരത്തെ ഇരുവരേയും ഇന്ത്യയിലേക്കെത്തിച്ചത് ലൊബേറെ ഗോവ പരിശീലകനായിരിക്കുമ്പോഴാണ്.</p>
<p>2020-21 സീസണിൽ മുംബൈയുടെ ഐഎസ്എൽ-ഷീൽഡ് കിരീടനേട്ടങ്ങളിൽ നിർണായക പങ്കാണ് ഇരുതാരങ്ങളും വഹിച്ചത്. തുടർന്നും മുംബൈ നിരയിലെ സ്ഥിരം സാന്നിധ്യങ്ങളായി ഇരുവരും തുടർന്നു. എന്നാൽ കഴിഞ്ഞ സീസണോടെ ഫോൾ ടീമിലെ ആദ്യ ഇലവനിൽ നിന്ന് പുറത്തായി. ഓസ്ട്രേലിയൻ താരം റോസ്റ്റിൻ ഗ്രിഫിത്‌സിന്റെ വരവാണ് ഫോളിന് തിരിച്ചടിയായത്. ഇപ്പോൾ റോസ്റ്റിൻ ക്ലബുമായി കരാർ പുതുക്കിയതായാണ് സൂചന. ഈ സാഹചര്യത്തിൽ ആദ്യ ഇലവനിലെ സ്ഥാനം തേടി ഫോൾ ക്ലബ് വിടാനാണ് സാധ്യതയേറെ.</p>