ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം ഗോളിയായി ഡേവിഡ് ഡി ഗിയ അടുത്ത സീസണിൽ തുടരാൻ സാധ്യതയില്ല എന്ന് സൂചനകൾ. ഡി ഗിയയെ ഒഴിവാക്കാനുള്ള നീക്കങ്ങൾ ക്ലബ് സജീവമാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡി ഗിയ ക്ലബിൽ തുടർന്നാലും ഫസ്റ്റ് ചോയിസ് ഗോളി ആകാനുള്ള സാധ്യതകൾ വിരളം.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയൊരു ഗോൾകീപ്പറെ കൂടി യുണൈറ്റഡ് സൈൻ ചെയ്യും. പ്രീമിയർ ലീഗ് ക്ലബ് തന്നെയായ ബ്രെന്റ്ഫോർഡ് വിടാനൊരുങ്ങുന്ന ഡേവിഡ് റായ, പോർട്ടോയുടെ ഡീഗോ കോസ്റ്റ എന്നിവരുടെ പേരുകളാണ് നേരത്തെമുതൽ യുണൈറ്റഡുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടിരുന്നത്. എന്നാലിപ്പോൾ ഒരു സർപ്രൈസ് പേര് കൂടി അഭ്യൂഹങ്ങളിൽ നിറയുന്നുണ്ട്.
സ്പാനിഷ് ക്ലബ് വലൻസിയയുടെ ഗോളി ജ്യോർജി മാമർദാഷ്വിലിയാണ് യുണൈറ്റഡിന്റെ റഡാറിലുള്ളതെന്നാണ് ഗിവ് മി സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. ജോർജിയൻ ഗോളിയായ ജ്യോർജി 2021 മുതൽ വലൻസിയയുടെ ഭാഗമാണ്. അതേസമയം ജ്യോർജിക്കായി വലൻസിയ വൻതുക ആവശ്യപ്പെടുമെന്നാണ് സൂചന. ഏതാണ്ട് 50 ദശലക്ഷം യൂറോയാണ് താരത്തിന് വിലയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.