ലൊബേറ ചതിച്ചു..?? ആരോപണവുമായി ഈസ്റ്റ് ബം​ഗാൾ നേതൃത്വം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിന്റെ പരിശീലകനായി സെർജിയോ ലൊബേറ എത്തില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചൈനീസ് ക്ലബ് സിഷുവാൻ ജിയുനിയുമായി ലൊബേറെ വഴിപിരഞ്ഞതോടെ, ഈസ്റ്റ് ബം​ഗാളിലേക്ക് അദ്ദേഹം എത്തുമെന്ന പ്രതീ്ക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ഈ നീക്കം നടക്കാനുള്ള സാധ്യതകൾ ഇല്ല എന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ അടക്കം അറിയിക്കുന്നത്.

അതേസമയം തന്നെ ലൊബേറെ തങ്ങളെ ചതിച്ചു എന്ന ആരോപണവും ഈസ്റ്റ് ബം​ഗാൾ നേതൃത്വത്തിൽ നിന്നുയരുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസ് ബം​ഗാളിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ഈസ്റ്റ് ബം​ഗാൾ ഉന്നതൻ, ലൊബേറയ്ക്കെതിരെ രം​ഗത്തെത്തി. ലൊബേറയുമായി എല്ലാ ചർച്ചകളും പൂർത്തിയായതാണെന്നും ഈസ്റ്റ് ബം​ഗാളിലേക്ക് വരാമെന്ന് വാക്കാൽ ധാരണയായതാണെന്നും ക്ലബ് ഉന്നതൻ പറഞ്ഞു. ലൊബേറയും പരിശീലകസംഘാങ്ങൾക്കും അഞ്ച് വിദേശതാരങ്ങൾക്കുമായി വലിയ തുകയുടെ ബഡ്ജറ്റ് ക്ലബ് അം​ഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാർ ഒപ്പുവയക്കുക മാത്രമായിരുന്നു ശേഷിച്ചിരുന്ന ഏക കാര്യം, തന്റെ ക്ലബിൽ നിന്ന് റിലീസ് ലഭിക്കാൻ കുറച്ചുസമയം ലൊബേറെ ആവശ്യപ്പെട്ടു, എന്നാൽ ഇപ്പോഴദ്ദേഹം ഒഡിഷയുമായി കരാറിലെത്തിയതായി കേൾക്കുന്നു, ഈസ്റ്റ് ബം​ഗാൾ ഉന്നതൻ പറഞ്ഞു.

ഐഎസ്എല്ലിലെ തന്നെ ഒഡിഷ എഫ്സിയും ലൊബേറയെ നോട്ടമിട്ടിരുന്നു. എന്നാൽ ലൊബോറ ഒഡിഷയുമായി കരാറിലെത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഹൈദരബാദ് എഫ്സിയും ലൊബേറയെ നോട്ടമിട്ടതായി ജേണലിസ്റ്റ് സോഹൻ പോഡാർ ട്വീറ്റ് ചെയ്തിരുന്നു.