ജയ്‌പൂരിൽ ജയം തേടി സഞ്ജുവിന്റെ റോയൽസ് ഇന്നിറങ്ങും

RR vs LSG: ഐപിഎല്ലിൽ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങുകയാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്‌റ്റേഡിയത്തിൽ റോയൽസ് ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരായാണ് ജയം ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നത്. അഞ്ച് മത്സരങ്ങളിൽ നാല് ജയവുമായി പ്രീമിയർ ലീഗിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ രാജസ്ഥാൻ റോയൽസ്. മൂന്ന് ജയവുമായി ലക്‌നൗ തൊട്ടുപിന്നിലുണ്ട്.

പവർപ്ലേ ബാറ്റിങ്ങിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച നിരയാണ് രാജസ്ഥാൻ റോയൽസിനുള്ളത്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ എന്നിവർ ആരെയും പേടിപ്പെടുത്തുന്ന ജോഡിയാണ്‌ എന്നതിൽ തർക്കമില്ല. ഇരുവരും ഫോം തുടർന്നാൽ മികച്ച സ്‌കോർ എന്ന സ്വപ്‌നം റോയൽസിന് വിദൂരമല്ല. മധ്യ നിരയിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് കൃത്യമായി ടീമിനെ താങ്ങി നിർത്തുന്നത്.

ഫിനിഷറുടെ റോൾ കൃത്യമായി കൈകാര്യം ചെയ്യുന്ന ഹെറ്റ്‌മേയർ തന്റെ സ്വരൂപം പുറത്തെടുത്താൽ ബൗളർമാർ പാടുപെടും. ഫോമിലെത്താത്ത ദേവദത്ത് പടിക്കലും, റിയാൻ പരാഗും മാത്രമാണ് ബാറ്റിങിൽ ടീമിനെ അലട്ടുന്ന പ്രശ്‌നങ്ങൾ. ബൗളിംഗിൽ ട്രെൻഡ് ബോൾട്ട്, യുസ്‌വേന്ദ്ര ചഹാൽ, ആർ അശ്വിൻ തുടങ്ങിയ വലിയ താരങ്ങൾ ടീമിന് മുതൽക്കൂട്ടാണ്.

മറുവശത്ത് ലക്‌നൗ നിരയിൽ രാഹുലിനൊപ്പം കെയ്ൽ മേയേഴ്‌സ് കൂടി ചേരുന്ന മുൻനിര ബാറ്റിങിൽ ഒട്ടും മോശമല്ല. ക്വിന്റൺ ഡി കോക്ക് ഇന്നിറങ്ങുമോ എന്ന കാര്യത്തിൽ സംശയമാണ്. മാർക്കസ് സ്‌റ്റോയിനിസ്, മാർക്ക് വുഡ് എന്നിവർക്കൊപ്പം നിക്കോളാസ് പൂരാൻ കൂടി ചേരുമ്പോൾ ടീം സന്തുലിതമാവും. വൈകീട്ട് 7.30നാണ് മത്സരം നടക്കുക.

സാധ്യതാ ഇലവൻ:

രാജസ്ഥാൻ റോയൽസ്

യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ടർ, സഞ്ജു സാംസൺ (c & wk), ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, രവി അശ്വിൻ, ആദം സാമ്പ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചഹൽ.

ലക്‌നൗ സൂപ്പർ ജയന്റ്‌സ്

കെ എൽ രാഹുൽ (c), കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരാൻ (WK), മാർക്കസ് സ്‌റ്റോയിനിസ്, ആയുഷ് ബഡോണി, കെ ഗൗതം, രവി ബിഷ്‌നോയ്, ആവേശ് ഖാൻ, മാർക്ക് വുഡ്.