ഒമർ ലുലുവിന് തലവച്ചു, 'പവർ സ്റ്റാർ' ഇറങ്ങാൻ അനുവദിക്കരുത്!

ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇതിനുപിന്നാലെ ബാബു ആന്റണിയെ നായകനാക്കി ‘പവര്‍സ്റ്റാർ’ എന്ന സിനിമയും ഒമര്‍ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്.

ഇപ്പോഴിതാ പവർസ്റ്റാർ എന്ന സിനിമ പുറത്ത് വരാൻ അനുവദിക്കരുത് എന്ന ആഹ്വാനവുമായി എത്തിയിരിക്കുകയാണ് ബാബു ആന്റണിയുടെ ഒരു ആരാധകൻ. സിനിമാ പ്രേമികളുടെ സോഷ്യൽമീഡിയ കൂട്ടായ്മയിലാണ് അപേക്ഷയുമായി ആരാധകൻ എത്തിയിരിക്കുന്നത്. ആ ചിത്രം ഇറങ്ങിയാൽ ബാബു ആന്റണിയെ എല്ലാവരും വെറുക്കാൻ കാരണമാകും എന്നും ആരാധകൻ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

”Babu Antony ചേട്ടനോടും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാരോടും കൂടിയാണ്.. എന്തു വില കൊടുത്തും ഒമർ ലുലു ഇങ്ങേരെ വെച്ച് ചെയ്ത ആ പവർ സ്റ്റാർ എന്ന സിനിമ പുറത്ത് വരാൻ നമ്മൾ അനുവദിക്കരുത്. ആ പടം ടെലെഗ്രാമിൽ പോലും ലീക്ക് ആവാൻ സമ്മതിക്കരുത്.. ബാബു ചേട്ടനെ നാട്ടുകാരുടെ ഒക്കെ വെറുപ്പ്‌ സമ്പാദിപ്പിക്കാൻ ആ സിനിമ ഒരു കാരണമാകും എന്നുള്ളത് കട്ടായം.. സിനിമ എടുക്കുന്ന ഡയറക്ടർക്കു പിന്നെ അപാര തൊലിക്കട്ടിയും, പ്രേക്ഷകരെ വെറുപ്പിക്കുന്നതിലും ബോംബ് പൊട്ടിക്കുന്നതിലും യാതൊരു പ്രശ്നവും ഇല്ലാത്ത ആളാണ് എന്നത് കൊണ്ട് അങ്ങേർക്കു ഇതിലൊന്നും ഒരു ഇഷ്യുവും കാണില്ല.. ആ പ്രോജെക്ട്ടിൽ പോയി തല വെച്ച ഈ പാവത്തിനെ കുരുതി കൊടുക്കാൻ സമ്മതിക്കരുത്. എങ്ങനെയേലും ആ പടം ഇറങ്ങുന്നത് തടയേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യം ആണ് എന്നെ ഈ അവസരത്തിൽ പറയാൻ ഉള്ളു”

ബാബു ആന്റണിക്കൊപ്പം അബു സലിമും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിട്ടുണ്ട്. പത്തു വര്‍ഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്.ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന പവര്‍ സ്റ്റാര്‍ റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്. റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.