ബിയേൽസയുടെ തിരിച്ചുവരവിന് വഴിതെളിയുന്നു; പിന്നാലെ കൂടിയത് സർപ്രൈസ് ദേശീയ ടീം

വിഖ്യാത പരിശീലകൻ മാഴ്സെലോ ബിയേൽസയുടെ ഡ​ഗ്ഔട്ടിലേക്കുള്ള തിരിച്ചുവരവിന് വഴിതെളിയുന്നു. പുതിയ സൂചനകൾ പ്രകാരം യുറു​ഗ്വെ ദേശീയ ടീമാണ് ബിയേൽസയെ ഒപ്പം കൂട്ടാൻ താൽപര്യപ്പെടുന്നത്. അർജന്റീനയിലെ ടിവൈസി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പിൽ യുറു​ഗ്വെ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ പരിശീലകൻ ഡീ​ഗോ അലോൻസോ സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്നിപ്പോൾ ഇടക്കാല പരിശീലകൻ മാഴ്സെലോ ബ്രോളിയുടെ കിഴീലാണ് യുറു​ഗ്വെ. എന്നാലിപ്പോൾ ബിയേൽസയെ ദേശീയ ടീം ദൗത്യം ഏൽപ്പിക്കാനാണ് യുറു​ഗ്വെ ഫുട്ബോൾ അധികൃതരുടെ താൽപര്യം. ഇരുകൂട്ടരും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ മുന്നേറുകയാണെന്നാണ് സൂചന. ലോകകപ്പ് യോ​ഗ്യതാ റൗണ്ട് പൂർത്തിയാകുന്നതുവരെയുള്ള കരാറാണ് യുറു​ഗ്വെ ബിയേൽസയ്ക്ക് വാ​ഗ്ദാനം ചെയ്യുന്നതെന്നാണ് സൂചന.

അർജന്റൈൻ പരിശീലകനായ ബിയേൽസ, ഇം​ഗ്ലീഷ് ക്ലബ് ലീഡ്സിനൊപ്പമാണ് ഒടുവിൽ പ്രവർത്തിച്ചത്. അർജന്റീന, ചിലെ ദേശീയ ടീമുകൾക്കൊപ്പം മുമ്പ് ബിയേൽസ പ്രവർത്തിച്ചിട്ടുണ്ട്. മാഴ്സെ, ലീൽ, അത്ലെറ്റിക്ക് ബിൽബാവോ തുടങ്ങിയ ക്ലബുകളേയും ബിയേൽസ പരിശീലിപ്പിച്ചിട്ടുണ്ട്.