National Handloom Day | ‘സുസ്ഥിരമായ ഫാഷന് കൈത്തറി’; ഇന്ന് ദേശീയ കൈത്തറി ദിനം|National Handloom Day 2023: History, significance and theme – News18 Malayalam


എല്ലാ വര്‍ഷവും ആഗസ്റ്റ് 7 ഇന്ത്യയില്‍ ദേശീയ കൈത്തറി ദിനമായാണ് ആചരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും സമ്പദ് വ്യവസ്ഥയിലും വ്യക്തമായ സംഭാവനകള്‍ നല്‍കിയ കൈത്തറി തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ഈ ദിനം ആഘോഷിക്കുന്നത്. കൈത്തറി വ്യവസായത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഇന്നത്തെ സമൂഹത്തിന് വ്യക്തമായ ധാരണ നല്‍കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.

കൈത്തറി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. അവരോടുള്ള പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാനുള്ള ദിവസമായാണ് ഈ ദിനത്തെ കാണേണ്ടത്.

Also read-പ്രധാനമന്ത്രിക്ക് കേരളത്തിന്‍റെ ഓണക്കോടി കണ്ണൂരിൻ്റെ കൈത്തറിയില്‍; പാലാക്കാരിയുടെ ഡിസൈനിങ്

ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട പ്രസ്ഥാനമായിരുന്നു 1905ല്‍ രൂപം കൊണ്ട സ്വദേശി പ്രസ്ഥാനം. ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രസ്ഥാനമായിരുന്നു ഇത്. സ്വദേശി പ്രസ്ഥാനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ നിര്‍മ്മിത കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ നേതാക്കള്‍ ജനങ്ങളോട് പറഞ്ഞു. അതിലൂടെയാണ് കൈത്തറി ദിനം എന്ന ആശയം തന്നെ രൂപപ്പെട്ടത്. 2015 ആഗസ്റ്റ് 7 മുതലാണ് കൈത്തറി ദിനം ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

കൈത്തറി ദിനത്തിന്റെ പ്രാധാന്യം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൈത്തറി വ്യവസായത്തെ ആദരിക്കാനും അവയെ ഓര്‍മ്മപ്പെടുത്താനും ഈ ദിനം നമ്മെ സഹായിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കുന്ന കൈത്തറി മേഖല നിരവധി പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. കൂടാതെ പാരിസ്ഥിതിക ദോഷങ്ങളില്ലാത്ത ഉല്‍പ്പന്നങ്ങളാണ് ഇവ. പരമ്പരാഗത രീതികളുപയോഗിച്ച് പ്രകൃത്യായുള്ള നാരുകള്‍ കൊണ്ടാണ് കൈത്തറി തൊഴിലാളികള്‍ ഓരോ ഉല്‍പ്പന്നവും സൃഷ്ടിക്കുന്നത്. ഇതെല്ലാം തന്നെ കൈത്തറിയ്ക്ക് നമ്മുടെ സമൂഹത്തിലുള്ള പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്.

കൈത്തറി ദിനത്തിന്റെ പ്രമേയം

‘സുസ്ഥിരമായ ഫാഷന് കൈത്തറി’ എന്നാണ് ഇത്തവണത്തെ കൈത്തറി ദിനത്തിന്റെ പ്രമേയം. മെഷീന്‍ നിര്‍മ്മിത വസ്ത്രങ്ങളെക്കാള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായതും സുസ്ഥിരമായതുമായ ഉല്‍പ്പന്നങ്ങളാണ് കൈത്തറിയിലൂടെ രൂപപ്പെടുത്തുന്നതെന്ന് പ്രമേയത്തിലൂടെ വെളിപ്പെടുത്തുന്നു.