അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ നാം ശ്രദ്ധ കൊടുക്കുന്നത് കടും കളറുകളും ഇരുണ്ട നിറങ്ങളുമുള്ളവ വാങ്ങാനാണ്. പലപ്പോഴും വെള്ളനിറത്തിലുള്ളതും ഇളം നിറങ്ങളിലുള്ളതുമായ അടിവസ്ത്രങ്ങൾ നാം വാങ്ങാറേയില്ല. ആർത്തവ സമയത്തെ രക്തക്കറയും ഈർപ്പവും വിയർപ്പുമടിഞ്ഞ് കരിമ്പൻ വരുന്നതുമൊക്കെ മുൻകൂട്ടി കണ്ടാണ് സ്ത്രീകൾ ഇത്തരത്തിലുള്ള അടിവസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ, എപ്പോഴും ഇളം കളറുകളും വെള്ള നിറവുമുള്ള അടിവസ്ത്രങ്ങളാണ് സ്ത്രീകൾക്ക് ആരോഗ്യത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
പാന്റീസ് തന്നെ ഇളം കളർ വാങ്ങാൻ ശ്രമിയ്ക്കുക. കാരണം ഇരുണ്ട നിറത്തിനായി ഉപയോഗിയ്ക്കുന്നത് പല തരത്തിലെ ഡൈ തന്നെയാണ്. ഇവയിൽ കെമിക്കലുകൾ അടങ്ങിയിരിയ്ക്കുന്നു. ഇത് വജൈനൽ ഭാഗത്തുണ്ടാക്കുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ ഇളം നിറത്തിലെ പാന്റീസ് വാങ്ങി ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇതു പോലെ കോട്ടൻ പാന്റീസ് വാങ്ങിയാൽ മാത്രം പോരാ, ഇത് കഴുകി നല്ലതു പോലെ ഉണക്കിയ ശേഷം മാത്രം ഉപയോഗിയ്ക്കാം. കഴിവതും സൂര്യപ്രകാശത്തിലിട്ട് ഉണക്കാം.
സൂര്യവെളിച്ചം കുറവായവർക്ക് ഈർപ്പം നില നിൽക്കുന്നത് നീക്കാനായി ഇത് ഇസ്തിരിയിടുന്നതും നല്ലതാണ്. 100 ശതമാനം കോട്ടൻ അടിവസ്ത്രങ്ങൾ, പ്രത്യേകിച്ച് പാന്റീസ് സ്ത്രീകൾ ഉപയോഗിയ്ക്കുന്നതും ഗുണം ചെയ്യും. 100 ശതമാനം കോട്ടനായ അടിവസ്ത്രങ്ങൾ ധരിയ്ക്കുന്നതിനാൽ യീസ്റ്റ് ഇൻഫെക്ഷൻ പോലുളളവയെ ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിയ്ക്കും.
ഈ ഇൻഫെക്ഷൻ കൂടുതലാകാൻ ഉള്ള ഒരു പ്രധാന കാര്യമാണ് വജൈനൽ ഭാഗത്ത് നനവ് തങ്ങി നിൽക്കുന്നത്. സിന്തറ്റക് അടിവസ്ത്രങ്ങൾ ധരിച്ചാൽ ഇവ വെള്ളം അധികം വലിച്ചെടുക്കില്ല. എന്നാൽ കോട്ടൻ അടിവസ്ത്രങ്ങൾ ഈ നനവ് വലിച്ചെടുക്കാൻ സഹായിക്കും. ഇതുമൂലം മൂത്രത്തിൽ പഴുപ്പ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.