മധുവിന് എതിരെയുള്ള അഖിലിന്റെ പരാമർശം അങ്ങേയറ്റം ഖേദകരം: തുടര്‍നടപടികൾ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവായ മധുവിനെ പരിഹസിച്ചതിന് അഖില്‍ മാരാർക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍. ബിഗ് ബോസ് ഷോയില്‍ മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ ഇതിനെ കുറിച്ച് അഖില്‍ മാരാരോട് ചോദിക്കുന്നതിന്റെയും സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഷോയില്‍ വ്യക്തമാക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ഥിയുമായി സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബിഗ് ബോസില്‍ ടാസ്‌ക് നടക്കവേയായിരുന്നു അഖിലിന്റെ വിവാദ പരാമര്‍ശം.

‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത് നീയാരാ മധുവോ നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ’ മറ്റു മത്സരാര്‍ഥികളോടായി അഖില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഈ രംഗത്തിന്റെ വീഡിയോ എത്തിയതോടെ അഖില്‍ മാരാര്‍ക്ക് എതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുകയായിരുന്നു.