കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇയാളുടെ നീക്കങ്ങൾ ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ്. പിന്നിൽ മറ്റ് വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികൾ നൽകിയ സൂചനയിൽ ഊന്നിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ പ്രതിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ നീക്കങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
ഷൊർണ്ണൂരിൽ നിന്നും പ്രതി പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. അതേസമയം സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം ആവർത്തിച്ച് നിഷേധിക്കുകയാണ്. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാരൂഖിനെ ചോദ്യം ചെയ്യുന്നത്.
സമ്പർക്ക്ക്രാന്തി എക്‌സ്പ്രസിൽ ഷൊർണ്ണൂരിൽ വന്നിറങ്ങിയ പ്രതി ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നാണ് പെട്രോൾ ശേഖരിച്ചത്. ഷാരൂഖ് സെയ്ഫിയെ മാലൂർകുന്നിലെ എആർ ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഞായറാഴ്ച്ചയാണ് പ്രതി പമ്പിലെത്തി പെട്രോൾ വാങ്ങിയത്. നാല് ലിറ്റർ പെട്രോളാണ് പ്രതി വാങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
അതേസമയം എന്തിനാണ് പ്രതി കൃത്യം നടത്തിയത്, കൂടുതൽ പേർക്ക് പങ്കുണ്ടോ, തെളിവുകളടങ്ങിയ ബാഗ് സംഭവസ്ഥലത്ത് വന്നതെങ്ങനെ എന്നതിൽ ഉൾപ്പെടെ വ്യക്തത വരേണ്ടതുണ്ട്. ഈ വിവരങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളിൽ പ്രതിയെ ഷൊർണ്ണൂരിൽ ഉൾപ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.