‘ബിഗ് സല്യൂട്ട്, മെസിയും നെയ്മറും പിന്നെ സ്ത്രീശാക്തീകരണവും’; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് ചര്‍ച്ചയാകുന്നു

നെയ്മർ ഫാനായത് കൊണ്ട് ലയണൽ മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം എഴുതില്ലെന്ന് ഉത്തരക്കടലാസിൽ എഴുതിയ നാലാം ക്ളാസുകാരിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പെൺകുട്ടിയുടെ ഉത്തരത്തെ സ്ത്രീ ശാക്തീകരണമായി കാണുന്നവരുമുണ്ട്. ഇഷ്ടമില്ലാത്തതിനോട് നോ പറയാൻ ചെറുപ്പത്തിൽ തന്നെ കഴിയുന്നത് മികച്ച തീരുമാനമാണെന്നാണ് കൈയ്യടിക്കുന്നവർ പറയുന്നത്. എഴുത്തുകാരി ശാരദക്കുട്ടിയും പെൺകുട്ടിയെ അഭിനന്ദിക്കുകയാണ്. വ്യവസ്ഥകളെ പെൺകുട്ടികൾ പഠിപ്പിച്ചു തുടങ്ങുന്നു എന്നത് എത്ര ആഹ്ലാദകരമായ കാര്യമാണെന്നും, നെയ്മറുടെ ആരാധികയായ കുട്ടിക്ക് മാർക്കല്ല, തന്റെ ഇഷ്ടമാണ് പ്രധാനം. ഇഷ്ടമല്ലാത്ത ഒന്നിനെ കുറിച്ചെഴുതാനാവില്ല എന്ന തീരുമാനത്തിന് കൈയ്യടി നൽകണമെന്നും ശാരദക്കുട്ടി എഴുതുന്നു.

‘എനിക്കിഷ്ടമില്ലാത്തത് ഞാനെഴുതില്ല. അതിനി മാർക്കു പോയാലും ഞാനെഴുതില്ല’ അതു പറയുമ്പോൾ ആ നാലാം ക്ലാസുകാരി പെൺകുട്ടിയുടെ ആത്മവിശ്വാസവും നിറഞ്ഞ ചിരിയും നിശ്ചയദാർഢ്യവും എനിക്കു വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഫുട്ബോൾ താരം മെസ്സിയെ കുറിച്ചെഴുതാനായിരുന്നു പരീക്ഷയിലെ ചോദ്യം. മലപ്പുറത്ത് ഒരു സ്കൂളിലെ അധ്യാപകൻ തയ്യാറാക്കിയ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നിരിക്കണം കുട്ടി തയ്യാറാക്കേണ്ടിയിരുന്നത്. അങ്ങനെയാണ് ഉത്തരക്കടലാസിന്റെ വിദൂരഫോട്ടോയിൽ നിന്ന് മനസ്സിലാകുന്നത്.
നെയ്മറുടെ ആരാധികയായ കുട്ടിക്ക് മാർക്കല്ല, തന്റെ ഇഷ്ടമാണ് പ്രധാനം. തന്റെ എഴുത്താണ് പ്രധാനം. ഇഷ്ടമല്ലാത്ത ഒന്നിനെ കുറിച്ചെഴുതാനാവില്ല. വ്യവസ്ഥകളെ പെൺകുട്ടികൾ പഠിപ്പിച്ചു തുടങ്ങുന്നു എന്നത് എത്ര ആഹ്ലാദകരമായ കാര്യമാണ്.