കേരളത്തിലെ ദേശീയപാത വികസനത്തിന് കോടികൾ അനുവദിച്ച് കേന്ദ്രം

സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി കോടികൾ അനുവദിച്ച്  കേന്ദ്രസർക്കാർ. കേന്ദ്രത്തിന് മുൻപാകെ സമർപ്പിച്ച രണ്ട് പ്രധാന പദ്ധതികൾക്കാണ് കേന്ദ്രം തുക അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോഴിക്കോട് മലാപ്പറമ്പ്- പുതുപ്പാടി, ഇടുക്കി അടിമാലി- കുമളി റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 804.76 കോടി രൂപ അനുവദിച്ചത്.

ദേശീയപാത 766- ൽ കോഴിക്കോട് മലാപ്പറമ്പ് മുതൽ താമരശ്ശേരി ചുരത്തിന് അടുത്ത് പുതുപ്പാടി വരെ ദേശീയപാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കുന്നതിനായി 454.01 കോടി രൂപയും, ദേശീയപാത 185- ൽ അടിമാലി മുതൽ കുമളി വരെ റോഡ് നവീകരണത്തിന് ഭൂമി ഏറ്റെടുക്കാൻ 350.75 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇരു പദ്ധതികളുടെയും ഭൂമി ഏറ്റെടുക്കലും, ദേശീയപാത വികസനവും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് കേരളം അറിയിച്ചിട്ടുണ്ട്. മലാപ്പറമ്പ് പുതുപ്പാടി റോഡ് വയനാട്ടിലേക്കുള്ള ടൂറിസം വികസനത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്.