ന്യൂഡല്‍ഹി: 5ജി സാങ്കേതികവിദ്യ രാജ്യത്തെ ജനങ്ങള്‍ പരിചയപ്പെട്ടു തുടങ്ങും മുമ്പേ 6ജിയ്ക്കായുള്ള ചര്‍ച്ചകളും സജീവമായിത്തുടങ്ങി. 2029-ല്‍ ഇന്ത്യ 6ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയിലാണ് ഇന്ത്യ 5ജി വ്യാപനവുമായി മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവേ ആണ് ഇന്ത്യയുടെ 6ജി ചുവടുവയ്പ്പിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്. 2022 ഒക്ടോബറിലാണ് ഇന്ത്യ 5ജി സേവനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വിഐ കമ്പനികള്‍ക്കാണ് 5ജി വിതരണ അവകാശമുള്ളത്. ഇതില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും അതിവേഗം 5ജി വ്യാപനവുമായി മുന്നോട്ട് പോകുകയാണ്. അടുത്ത 1 -1.5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി ലഭ്യമാക്കാന്‍ ഇരു കമ്പനികളും ലക്ഷ്യമിടുന്നു.
2023 അവസാനത്തോടെ തങ്ങളുടെ 5ജി രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുമെന്ന് ജിയോ വ്യക്തമാക്കുന്നു. കേരളത്തിലെ 16 നഗരങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ 365 ലേറെ നഗരങ്ങളില്‍ ജിയോ തങ്ങളുടെ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. എയര്‍ടെല്‍ ആകട്ടെ കേരളത്തിലെ 17 നഗരങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ 265 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇരു കമ്പനികളും ചേര്‍ന്ന് രാജ്യത്തെ 400 ലേറെ നഗരങ്ങളില്‍ 5ജി എത്തിച്ചിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും ഇത്രയും വേഗത്തില്‍ 5ജി വ്യാപനം നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.