എച്ച്3എന്‍2, കോവിഡ് എന്നിവയെ എങ്ങനെ തിരിച്ചറിയാം?

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ അഡെനോവൈറസ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ എച്ച്3എന്‍2 പൊട്ടിപ്പുറപ്പെട്ടതും കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചതും ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ മാര്‍ച്ച് 5 വരെ എച്ച്3എന്‍2 ബാധിച്ച് മൂന്ന് മരണങ്ങളും ആകെ 451 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെയാണ് ബംഗാളില്‍ അഡിനോവൈറസ് പൊട്ടിപ്പുറപ്പെട്ടത്.

ഇതുവരെ 19 കുട്ടികളാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ചിലര്‍ ഐസിയുകളില്‍ ചികില്‍സയിലാണ്. ഇതിനെല്ലാം പുറമേ പുതിയ 524 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.

അഡെനോവൈറസ്, എച്ച്3എന്‍2, കോവിഡ് എന്നിവയെ എങ്ങനെ തിരിച്ചറിയാം?

പനി, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയെല്ലാം ഈ മൂന്നു വൈറസ് കേസുകളിലും സാധാരണയായി കാണപ്പടുന്ന ലക്ഷണങ്ങളാണ്. അഡിനോവൈറസ് ബാധിച്ചവര്‍ക്ക് ചെങ്കണ്ണ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പി ഡി ഹിന്ദുജ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റായ ഡോ ഉമംഗ് അഗര്‍വാള്‍ പറയുന്നു. ഈ വൈറസ് ബാധിച്ചവരില്‍ കണ്ണുകള്‍ ചുവക്കുകയും കണ്ണ് നനഞ്ഞിരിക്കുന്നതായും കാണാം.

ചുരുക്കത്തില്‍ ഈ മൂന്ന് വൈറസുകളുടെയും ലക്ഷണങ്ങള്‍ താഴെ പറയുന്ന വിധത്തില്‍ സംഗ്രഹിക്കാം.

കൊവിഡ്: മൂക്കൊലിപ്പ്, രുചിയും മണവും നഷ്ടപ്പെടല്‍, കുറച്ചു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നേരിയ പനി

എച്ച്3എന്‍2: ആദ്യം കഠിനമായ പനി, പനി മാറിയാലും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വിട്ടുമാറാത്ത ചുമ. ഈ ചുമ ക്രമേണ ബ്രോങ്കൈറ്റിസ് ആയി മാറുകയും ചെയ്യുന്നു.

അഡെനോവൈറസ്: ഏഴു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന കഠിനമായ പനി. ഈ പനി ചിലപ്പോള്‍ പത്തോ പതിനാലോ ദിവസം വരെ നീണ്ടുനില്‍ക്കാം. ചിലപ്പോള്‍ ഇതിനൊപ്പം ചെങ്കണ്ണും ഉണ്ടാകും.