വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട്: ഇന്ത്യ വീണ്ടും നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലെന്ന്!
സാൻഫ്രാൻസിസ്കോ: ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് സൊല്യൂഷ്യൻസ് നെറ്റ്വർക്ക് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് അനുസരിച്ച് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. നേരത്തെയും ഈ റിപ്പോർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം ശക്തമായിരുന്നു. നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം.
റഷ്യ-യുക്രൈൻ യുദ്ധം ഇരുരാജ്യങ്ങളുടേയും സന്തോഷത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. റഷ്യ പട്ടികയിൽ 72 -ാം സ്ഥാനത്തായപ്പോൾ യുക്രൈൻ 92-ാമതാണുള്ളത്. യുദ്ധം നടക്കുന്ന ഈ രാജ്യങ്ങളെക്കാൾ ഹാപ്പിനസിൽ ഇന്ത്യ പിറകിലാണെന്ന വിചിത്ര റിപ്പോർട്ട് ആണ് ആവർത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമെന്ന പദവി നിലനിർത്തി ഫിൻലൻഡ്. തുടർച്ചയായി ആറാം തവണയാണ് ഫിൻലൻഡ് ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഡെൻമാർക്ക് രണ്ടാം സ്ഥാനത്തും ഐസ് ലൻഡ് മൂന്നാം സ്ഥാനത്തുമാണ്. 150-ലേറെ രാജ്യങ്ങളിലെ ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പ്രതിശീർഷവരുമാനം, സാമൂഹികപിന്തുണ, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഉദാരസമീപനം, കുറഞ്ഞ അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയുള്ള സ്കോർ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിന്റെ സന്തോഷത്തിന്റെ തോത് നിർണയിക്കുന്നത്. ഉയർന്ന സ്കോർ ലഭിക്കുന്ന രാജ്യങ്ങൾ പട്ടികയിൽ മുൻനിരയിലെത്തും. അന്താരാഷ്ട്ര സന്തോഷദിനമായ മാർച്ച് 20-നാണ് വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
മുൻവർഷങ്ങളിൽ ആദ്യസ്ഥാനങ്ങളിലെത്തിയ നോർഡിക് രാജ്യങ്ങൾ ഇത്തവണയും മുൻപന്തിയിൽ തന്നെയാണ്. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നോർഡിക് രാജ്യങ്ങളിൽ കോവിഡ് പ്രതിസന്ധി താരതമ്യേന കുറവായിരുന്നു. രാജ്യങ്ങൾക്കിടയിൽ പരസ്പരമുള്ള സഹായവും സഹവർത്തിത്വവും കോവിഡ് കാലത്ത് രണ്ട് മടങ്ങ് വർധിച്ചതായി റിപ്പോർട്ടിന്റെ ലേഖകരിലൊരാളായ ജോൺ ഹെല്ലിവെൽ പറയുന്നു.