കേരള വികസന മാതൃകയിൽ കുടുംബശ്രീ സംഭാവന: മുഖ്യമന്ത്രി

തിരുവനന്തപുരം: പുകൾപെറ്റ കേരള വികസന മാതൃകയ്ക്ക് കുടുംബശ്രീ മിഷൻ അതിന്റേതായ സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദാരിദ്ര നിർമാർജനം, സ്ത്രീശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് 1998 ൽ പിറവിയെടുത്ത കുടുംബശ്രീ ഇന്ന് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. സംസ്ഥാനത്തിന്റെ മികച്ച സേവനദാതാവായി ഇന്ന് കുടുംബശ്രീ മാറി. താഴെ തലത്തിൽ സക്രിയമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഇഴുകിച്ചേർന്ന് കുടുംബശ്രീ പ്രവർത്തിക്കുന്നു. കുടുംബശ്രീയുടെ പ്രവർത്തനം അതിലെ ലക്ഷോപലക്ഷം അംഗങ്ങളുടെ ജീവിതം മാത്രമല്ല അത് പ്രവർത്തിക്കുന്ന മേഖലയുടെ കൂടി പുരോഗതിയിൽ ഗണ്യമായ സംഭാവന അർപ്പിച്ചിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയാണ് എന്നും സംസ്ഥാനം നിലകൊണ്ടത്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ തെളിവുകളാണ് ഭൂ പരിഷ്‌കരണം മുതൽ ക്ഷേമപെൻഷൻ വരെയുള്ള പദ്ധതികൾ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് വേണ്ടി അവരുടെ ജനസംഖ്യയിലും കവിഞ്ഞ ബജറ്റ് വിഹിതമാണ് സംസ്ഥാനം വകയിരുത്തിയിട്ടുള്ളത്. ആളോഹരി വരുമാനം കുറവായിട്ടും ലോകത്തിന് തന്നെ മാതൃകയായ അനേകം വികസന പദ്ധതികളിലൂടെ ഏതൊരു പൗരനും ആത്മാഭിമാനത്തോടെയും അന്ത:സ്സോടെയും ജീവിക്കാൻ പര്യാപ്തമായ സാഹചര്യം ഒരുക്കിയ സംസ്ഥാനമാണ് കേരളം. ലോകത്തെവിടെയും ഇല്ലാത്ത കാര്യമായിരുന്നു ഇത്. ഇപ്പോൾ സമഗ്ര വികസനം എന്ന ലക്ഷ്യം മുൻനിർത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ആരെയും വിട്ടുകളയാതെ ചേർത്തുപിടിക്കുക എന്നതാണ് വികസന കാര്യത്തിൽ കേരളത്തെ മുന്നോട്ടു നയിക്കുന്ന തത്വമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബശ്രീ തങ്ങളുടെ ജീവിതത്തിൽ വരുത്തിയ ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ച് അംഗങ്ങൾ തന്നെ ‘രചന’ എന്ന പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ‘ഉന്നതി’ പദ്ധതി സമഗ്ര വികസനം ലക്ഷ്യമിട്ട് പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.