‘ജഡ്ജ് ചെയ്തോളൂ… എന്റെ ഫാഷൻ സെൻസ് ഞാൻ നിർത്തില്ല’; പുതിയ വീഡിയോയുമായി റിയാസ് സലിം, വിമർശനം

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് റിയാസ് സലിം. ഷോയിലെ ഒന്നാമനായി നിന്ന റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത് റിയാസ് ആയിരുന്നു. പിന്നാലെ റിയാസിന് വൻ സൈബർ ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. ഷോയ്ക്ക് ശേഷവും റിയാസ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ, തന്റെ പുതിയ ഫാഷൻ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് റിയാസ്.

റിയാസിന്റെ മേക്കപ്പും വസ്ത്രധാരണ രീതിയുമൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പുതിയ വീഡിയോയും ചര്‍ച്ചയായി മാറുകയാണ്. ‘എല്ലവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത് തുടരുക’ എന്നാണ് വീഡിയോയ്‌ക്കൊപ്പം റിയാസ് കുറിച്ചിരിക്കുന്നത്. ‘നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെ’ന്നും താരം പറയുന്നു.

നിരവധി പേരാണ് താരത്തിനെതിരെ അധിക്ഷേപവും പരിഹാസവുമൊക്കെയായി എത്തിയിരിക്കുന്നത്. വെറുപ്പ് പ്രചരിക്കുന്നവരെ കാര്യമാക്കേണ്ട എന്നാണ് റിയാസിന് പിന്തുണയുമായി എത്തുന്നവർ പറയുന്നത്. റിയാസിന്റെ വീഡിയോയ്ക്ക് കയ്യടിച്ചും ധാരാളം പേരെത്തിയിട്ടുണ്ട്.വ്യത്യസ്തമായ ഒരു ഫാഷൻ ആണ് റിയാസ് മുന്നോട്ട് വെയ്ക്കുന്നതെന്നും, അത് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്.