പ്രിയങ്ക ചോപ്ര ചാരവനിതയോ? മലയാളം ഉൾപ്പെടെ ആറ് ഭാഷകളിൽ 'സിറ്റഡൽ' ട്രെയ്‌ലർ

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ​ഗെയിം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിർമാതാക്കളാകുന്ന ആമസോൺ പ്രൈം വീഡിയോയുടെ വെബ് സീരീസ് ‘സിറ്റഡൽ’ ട്രെയ്‌ലർ (Citadel trailer) പുറത്തിറങ്ങി. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സീരീസിൽ ​ഗെയിം ഓഫ് ത്രോൺസിലെ റോബ് സ്റ്റാർക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാൽഡ് മാഡനും സുപ്രധാന കഥാപാത്രമാണ്.

ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകൾ പ്രൈം വീഡിയോയിൽ ഏപ്രിൽ 28 ന് പ്രീമിയർ ആരംഭിക്കും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. പ്രിയങ്ക ചോപ്ര ജോനസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സിറ്റഡൽ ലഭ്യമാകും.

സ്വതന്ത്ര ആഗോള ചാര ഏജൻസിയായ സിറ്റഡലിന്റെ തകർച്ചയും, സിറ്റഡലിന്‍റെ പതനത്തോടെ രക്ഷപെട്ട ഏജന്‍റുമാരായ മേസൺ കെയ്‌നും നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം.

റിച്ചാർഡ് മാഡൻ മേസൺ കെയ്നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, ഇതിൽ അഭിനയിക്കുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതിൽ ഉണ്ട്. ആമസോൺ സ്റ്റുഡിയോയും റൂസോ ബ്രദേഴ്സിന്റെ എ ജി ബി ഓയും ചേർന്നാണ് ‘സിറ്റഡൽ’ നിർമ്മിക്കുന്നത്.