ക്രാഷ് ടെസ്‌റ്റിൽ 'പപ്പടമായി' വാഗൺആർ; സുരക്ഷ മോശം, പിന്നാലെ വിമർശനവും

ഇന്ത്യയിൽ തുടർച്ചയായി രണ്ട് വർഷമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി സുസുക്കി വാഗൺആർ, പുതുക്കിയ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്‌റ്റുകളിൽ വളരെ മോശം പ്രകടനമാണ് കാഴ്‌ചവെച്ചത്, അതിന്റെ ഫലങ്ങൾ കേട്ടാൽ നിങ്ങൾ ഉറപ്പായും സ്‌തബ്ധരാകും. 2022 സാമ്പത്തിക വർഷത്തിൽ 188,838 യൂണിറ്റുകളോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു വാഗൺആർ. 212,340 വിൽപനയോടെ 2023 സാമ്പത്തിക വർഷത്തിൽ ഇത് വീണ്ടും ഒന്നാമതെത്തി.

ഏറ്റവും പുതിയ ക്രാഷ് ടെസ്‌റ്റുകളിൽ, മുതിർന്ന ഒക്യുപന്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ മാരുതി സുസുക്കി വാഗൺആർ ഒരു സ്‌റ്റാറും (അഞ്ചിൽ) കുട്ടികൾക്കുള്ള സംരക്ഷണ വിഭാഗത്തിൽ പൂജ്യവുമാണ് (അഞ്ചിൽ) നേടിയത്. പരീക്ഷിച്ച വാഗൺആർ യൂണിറ്റുകൾക്ക് രണ്ട് മുൻ എയർബാഗുകൾ ഉണ്ടായിരുന്നു, സീറ്റ്ബെൽറ്റ് പ്രെറ്റെൻഷനർ, സീറ്റ്ബെൽറ്റ് ലോഡ്ലിമിറ്റർ, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവയും സ്‌റ്റാൻഡേർഡായി.

ഗ്ലോബൽ എൻ‌സി‌എ‌പിയുടെ അപ്‌ഡേറ്റ് ചെയ്‌ത ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളിൽ പരീക്ഷിച്ച എല്ലാ മോഡലുകൾക്കുമുള്ള ഫ്രണ്ടൽ, സൈഡ് ഇംപാക്‌ട് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), കാൽനട സംരക്ഷണം എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ഉയർന്ന സ്‌റ്റാർ റേറ്റിംഗ് സ്കോർ ചെയ്യുന്ന വാഹനങ്ങൾക്ക് സൈഡ് ഇംപാക്‌ട് പോൾ പ്രൊട്ടക്ഷൻ അസസ്മെന്റുകളും ആവശ്യമാണ്.

ഗ്ലോബൽ എൻ‌സി‌എ‌പി പ്രകാരം, മോഡലിന്റെ മുൻ പതിപ്പ് പരീക്ഷിച്ചതിന് ശേഷം മാരുതി സുസുക്കിയുടെ നിയന്ത്രണ സംവിധാനങ്ങളിലെ മെച്ചപ്പെടുത്തലുകൾക്കിടയിലും വാഗൺആർ ഡ്രൈവർക്ക് ദുർബലമായ സംരക്ഷണമാണ് വാഗ്‌ദാനം ചെയ്‌തത്‌. കുട്ടികൾക്കുള്ള ചൈൽഡ് റെസ്ട്രെയിൻറ് സിസ്‌റ്റം (സിആർഎസ്) ഉൾപ്പെടുത്താൻ മാരുതി സുസുക്കി വിസമ്മതിച്ചതായി അതിൽ പറയുന്നു.

എല്ലാ സീറ്റിംഗ് പൊസിഷനുകളിലും ത്രീ-പോയിന്റ് ബെൽറ്റുകളുടെ അഭാവവും മുൻ സീറ്റിംഗ് പൊസിഷനിൽ പിന്നിലേക്ക് അഭിമുഖീകരിക്കുന്ന സിആർഎസിന് സ്‌റ്റാൻഡേർഡ് എയർബാഗ് പ്രവർത്തന രഹിതമാക്കാത്തതും കുട്ടികളുടെ സംരക്ഷണത്തിനുള്ള പൂജ്യം സ്‌കോർ വിശദീകരിക്കുന്നു, അത് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മാരുതി സുസുക്കി വാഗൺആറിന്റെ വില 5.51 ലക്ഷം രൂപയിൽ തുടങ്ങി 7.42 ലക്ഷം രൂപ (എക്‌സ്‌-ഷോറൂം) വരെയാണ്.