യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ചൈനയും ദക്ഷിണകൊറിയയും കൂടാതെ ഏഷ്യ പസഫിക് വിഭാഗത്തിൽ നിന്ന് ശേഷിക്കുന്ന സീറ്റിലാണ് ഇന്ത്യ മത്സരിച്ചത്. 53-ൽ 46 വോട്ടുകൾ നേടി വൻ പിന്തുണയോടെയാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണ കൊറിയയ്‌ക്കും ചൈനയ്‌ക്കും ഇടയിൽ രണ്ടാമത്തെ സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇതിന് ശേഷമായിരിക്കും ഏഷ്യാ പസഫിക് സ്റ്റേറ്റ് അംഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ബാലറ്റിംഗ് പ്രക്രിയ ആരംഭിക്കുക. ഇന്ത്യ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് വർഷമാണ് ബോഡിയുടെ കാലാവധി. 2024 ജനുവരി ഒന്ന് മുതലാണ് പുതിയ സമിതി ചുമതലയേൽക്കുക. ജപ്പാൻ, സമോവ, കുവൈത്ത്, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവയാണ് ഏഷ്യ പസഫിക് രാജ്യങ്ങളിൽ നിന്നുള്ള നിലവിലെ അംഗങ്ങൾ.

24 അംഗ യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ ആഫ്രിക്കൻ സംസ്ഥാനങ്ങളിൽ നിന്നും അഞ്ച്, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നാല്, ലാറ്റിനമേരിക്കൻ കരീബിയൻ എന്നിവിടങ്ങളിൽ നിന്നും നാല്, ബാക്കിയുള്ള മേഖലകളിൽ നിന്നും ഏഴ് എന്നിങ്ങനെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. അർജന്റീന, സിയറ ലിയോൺ, സ്ലോവേനിയ, യുക്രെയ്ൻ, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, യുഎസ്എ എന്നീ അംഗ രാജ്യങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.