അർദ്ധരാത്രിയിൽ നിർണായക നീക്കവുമായി നേത്യന്യാഹു: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രായേൽ സേന


ജറുസലേം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിച്ച് പ്രതിരോധ സേന. തെക്കൻ ഗാസയിലെ റഫ നഗരത്തിൽ ഇന്നലെ അർദ്ധരാത്രി നടത്തിയ നിർണായക നീക്കത്തിനൊടുവിൽ രണ്ട് ബന്ദികളെയാണ് സേന മോചിപ്പിച്ചത്. 100 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണെന്ന് അധികൃതർ അറിയിച്ചു.

ഇസ്രായേൽ പ്രതിരോധ സേന, ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി, ഇസ്രായേൽ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ബന്ദികളെ മോചിപ്പിച്ചത്. പോരാട്ടത്തിൽ 17 ഓളം ഭീകരരെ വധിച്ചു. ഹമാസ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണം ഉൾപ്പെടെ നടത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.

ഇസ്രായേൽ പ്രത്യാക്രമണം ശക്തമാക്കിയതോടെ വെടിനിർത്തലിന് ധാരണവേണമെന്ന ആവശ്യവുമായി ഹമാസ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ സേന ഹമാസിന്റെ താവളത്തിൽ എത്തി ബന്ദികളെ മോചിപ്പിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഭീകർ തടവിലാക്കിയവരെയാണ് ഇസ്രായേൽ സേന സ്വതന്ത്രരാക്കിയത്. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വൈദ്യപരിശോധനയുൾപ്പെടെ നൽകിയ ശേഷം ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കും. 60 കാരനായ ഫെർനാഡോ സൈമൺ മർമൻ, 70 കാരനായ ലൂയിസ് ഹാർ എന്നിവരാണ് മോചിതരായത്.