അണയാത്ത അഗ്നി! ചിലിയിൽ കാട്ടുതീയിൽപ്പെട്ട് വെന്തുമരിച്ചവരുടെ എണ്ണം 112 കവിഞ്ഞു, വൻ നാശനഷ്ടം


സാന്റിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ പടർന്നുപിടിച്ച കാട്ടുതീയെ തുടർന്ന് വൻ നാശനഷ്ടം. നിലവിൽ, കാട്ടുതീയിൽ അകപ്പെട്ട് 112 പേരാണ് വെന്തുമരിച്ചത്. 1100-ലധികം വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്. ചിലിയിലെ വാൽപറൈസോ പ്രവിശ്യയിലെ വനപ്രദേശത്തിന്റെ അതിർത്തിയോട് ചേർന്നാണ് ഇന്നലെ കാട്ടുതീ രൂപപ്പെട്ടത്. പിന്നീട് മണിക്കൂറുകൾക്കകം പ്രദേശം ഒന്നടങ്കം കാട്ടുതീ പടർന്നുപിടിക്കുകയായിരുന്നു.

വനമേഖലയോട് ചേർന്ന് താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. ഒരു ദിവസം പിന്നിട്ടിട്ടും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 19 ഹെലികോപ്റ്ററുകളിലായി 1000 അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ അണയിക്കുന്നത്. പ്രാദേശിക കാലാവസ്ഥയിലെ ഉയർന്ന താപനിലയും, കുറഞ്ഞ ഈർപ്പവും, ശക്തമായ കാറ്റും ഉള്ളതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.

ചിലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ തീപിടിത്തമാണ് ഇന്നലെ ഉണ്ടായത്. ഇതിനോടകം 26,000 ഹെക്ടർ ഭൂമി പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ചിലി അടക്കമുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഒന്നടങ്കം ഉഷ്ണതരംഗത്തെ അഭിമുഖീകരിക്കുമ്പോഴാണ് മറ്റൊരു ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്.