മാലി: മാലിദ്വീപ് ഇസ്ലാമിക രാജ്യമായതില്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. തിങ്കളാഴ്ച പാര്‍ലമെന്റ് യോഗത്തിലെ തന്റെ ആദ്യ പ്രസിഡന്റ് പ്രസംഗത്തിലാണ് മുയിസു ഇക്കാര്യം വ്യക്തമാക്കിയത്. പ്രസംഗത്തിനിടയില്‍ ഇന്ത്യയുടെ പേര് എടുത്തു പറയാതെ മുയിസു വിമര്‍ശനവും ഉന്നയിച്ചു. ‘ഇന്ത്യ ഔട്ട്’എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലെത്തിയ മുയിസു, രാജ്യത്തിന്റെ പരമാധികാരത്തോട് തന്റെ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും എന്തെങ്കിലും ഭീഷണിയുണ്ടെങ്കില്‍ അതിനെതിരെ ഉറച്ചുനില്‍ക്കുമെന്നും ഒരു കാരണവശാലും ‘ബാഹ്യസമ്മര്‍ദത്തിന്’ വഴങ്ങില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.
പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത തന്റെ ആദ്യ പ്രസംഗത്തില്‍, മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചും മുയിസു പരാമര്‍ശം ഉന്നയിച്ചു. ഭൂരിഭാഗം മാലദ്വീപുകാരും തന്റെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സൈനികരുടെ സാന്നിധ്യം തന്റെ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലിദ്വീപിലെ ജനങ്ങള്‍ക്കായി തങ്ങളുടെ സര്‍ക്കാര്‍ മൂലം ഒരിക്കല്‍ നഷ്ടപ്പെട്ട സ്വന്തം സമുദ്ര പ്രദേശം തിരിച്ചുപിടിക്കുമെന്നും മുയിസു വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫിക് കരാറിനെ ചൂണ്ടിക്കാട്ടിയാണ് മുയിസു ഈ പ്രഖ്യാപനം നടത്തിയത്. മാലിദ്വീപിന്റെ പരമാധികാരം ലംഘിക്കുന്ന ഒരു ഉടമ്പടിയും ഒരു രാജ്യവുമായി ഉണ്ടാകരുതെന്നും മുയിസു ഓര്‍മ്മിപ്പിച്ചു.