അരനൂറ്റാണ്ടിനിടയിലെ ആദ്യത്തെ ചാന്ദ്ര ദൗത്യത്തിനായി ഒരു ഗ്രാമം ഒഴിപ്പിക്കാനൊരുങ്ങി റഷ്യ


ആഗസ്റ്റ് 11ഓടെ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഗ്രാമം പൂർണ്ണമായി ഒഴിപ്പിക്കാനൊരുങ്ങി റഷ്യ. അരനൂറ്റാണ്ടിനിടയിലെ റഷ്യയുടെ ആദ്യ ലൂണാർ ലാൻഡർ മിഷന്റെ ഭാഗമായാണ് ഒഴിപ്പിക്കൽ എന്നാണ് പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 1976ന് ശേഷമുള്ള റഷ്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ലൂണ-25 മോസ്‌കോയിൽ നിന്ന് ഏകദേശം 3450 മൈൽ കിഴക്ക് ഭാഗത്തുള്ള വോസ്റ്റോകിനി കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപിക്കുന്നത്. റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോമോസ് സ്‌പേസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

വിക്ഷേപണ മേഖലയിൽ നിന്ന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന റഷ്യയിലെ ഖബറോസ്‌കോവ്‌സ്‌ക് പ്രദേശത്തെ ഷാക്റ്റ്ൻസി സെറ്റിൽമെന്റിലെ താമസക്കാരെ ആഗസ്റ്റ് 11ന് അതിരാവിലെയോടെ ഒഴിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വിക്ഷേപണത്തിന് ശേഷം റോക്കറ്റ് ബൂസ്റ്ററുകൾ വീഴാൻ സാധ്യതയുള്ള പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇതേത്തുടർന്നാണ് ഗ്രാമം പൂർണ്ണമായി ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ”ഉമാൾട്ട, ഉസാമാഖ്, ലെപിഖാൻ, തസ്താക്, സാഗനാർ എന്നീ നദികളിലും, ഫെറി ക്രോസിംഗ് ഉള്ള ബുരേയ നദി പ്രദേശത്തും ബൂസ്റ്റർ പതിക്കാൻ സാധ്യതയുണ്ട്,” എന്ന് വെർഖനെബരെൻസ്‌കി ജില്ലാ അധ്യക്ഷൻ അലെക്‌സി മാസ്ലോവ് പറഞ്ഞു.

സോയുസ്-2 ഫ്രിഗാറ്റ് ബൂസ്റ്ററിൽ വിക്ഷേപിക്കുന്ന ലൂണ-25 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യത്തെ ലാൻഡറായിരിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോമോസ് അറിയിച്ചു.സോഫ്റ്റ് ലാൻഡിംഗ് സാങ്കേതിക വിദ്യയുടെ വികസനം, ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഗവേഷണം, ജലം, മറ്റ് വിഭവങ്ങൾ എന്നിവ കണ്ടെത്താനുള്ള പര്യവേക്ഷണം എന്നിവയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഒരു വർഷത്തോളം ലാൻഡർ ചന്ദ്രോപരിതലത്തിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.