ദക്ഷിണേഷ്യയിൽ കനത്ത ചൂട് ; നാലിൽ മൂന്നു കുട്ടികളും ഇരകളാകുന്നു യുഎൻ റിപ്പോർട്ട്


കാലാവസ്ഥ വ്യതിയാനങ്ങളുടെ ആഘാതം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദക്ഷിണേഷ്യയിലെ താപനില ക്രമാതീതമായി ഉയരുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇതിനെ തുടർന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഏകദേശം 460 ദശലക്ഷം കുട്ടികൾ കനത്ത ചൂട് നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അതായത് ദക്ഷിണേഷ്യയിലെ നാലിൽ 3 കുട്ടികളും (76 ശതമാനം ) ഈ അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

എന്നാൽ ഇത് ആഗോളതലത്തിലെ മൂന്നിൽ ഒരു കുട്ടി എന്ന കണക്കിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത്. യുഎൻ ചിൽഡ്രൻസ് ഏജൻസി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. “ലോകം ആഗോളതലത്തിൽ തിളച്ചുമറിയുന്ന സാഹചര്യത്തിൽ, ദക്ഷിണേഷ്യയിലുട നീളമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതവും ക്ഷേമവും ഉഷ്ണതരംഗങ്ങളുടെ ഉയർന്ന താപനിലയെ തുടർന്ന് ഭീഷണിയിലാണെന്നാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഈ മേഖലയിലെ രാജ്യങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും ചൂടേറിയ രാജ്യമല്ല, പക്ഷേ ഇവിടുത്തെ ചൂട് ദശലക്ഷക്കണക്കിന് ദുർബലരായ കുട്ടികളുടെ ജീവന് അപകടസാധ്യതകൾ ഉയർത്തുന്നു” എന്ന് യുനിസെഫ് സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടർ സഞ്ജയ് വിജേശേഖര പറഞ്ഞു.

അതിനാൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, പാകിസ്ഥാൻ എന്നിവിടങ്ങളിലെ കുട്ടികൾ ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളിൽ ഉയർന്ന അപകട സാധ്യതകൾ നേരിടാം. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഒരു വർഷത്തിൽ താപനില രേഖപ്പെടുത്തിയാൽ 83 അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടും എന്നാണ് പറയുന്നത്. കുട്ടികൾക്ക് ഈ ഉയർന്ന താപനിലയുമായി അത്ര പെട്ടെന്ന് പൊരുത്തപ്പെടാനും സാധിക്കില്ല. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ഈ ചൂട് തീരെ താങ്ങാൻ സാധിക്കില്ല എന്നും വിജേശേഖര കൂട്ടിച്ചേർത്തു.

കൂടാതെ മഴക്കാലത്ത് പോലും ഇവിടെ അനുഭവപ്പെടുന്ന അമിതമായ ചൂട് ദക്ഷിണേഷ്യയിലെ കുട്ടികൾക്ക് ഗുരുതരമായ അപകട സാധ്യതകൾ സൃഷ്ടിക്കാറുണ്ട്. ഇത് കുട്ടികളുടെ ശരീരത്തിൽ താപനില ഉയരുന്നതിനും ഹൃദയമിടിപ്പ് കൂടുന്നതിനും കടുത്ത തലവേദന അനുഭവപ്പെടുന്നതിനും കാരണമായേക്കാം. ഇതിനുപുറമേ മലബന്ധം, നിർജലീകരണം, ക്ഷീണം, ബോധക്ഷയം, അവയവങ്ങൾക്ക് തകരാർ എന്നിവയും സംഭവിക്കാം എന്നും ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ശിശുക്കൾക്ക് ആകട്ടെ അവരുടെ മാനസിക വളർച്ചയെയും ഇത് പ്രതികൂലമായി ബാധിക്കാം.