മൈക്രോസോഫ്റ്റിനെ നേരിടാൻ ഗൂഗിൾ എത്തി, ‘ബാർഡ്’ ഇനി മുതൽ പൊതുജനങ്ങൾക്കും ലഭ്യം

ഗൂഗിളിന്റെ ഏറ്റവും പുതിയ ചാറ്റ്ബോട്ട് സേവനമായ ‘ബാർഡ്’ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചു. ലോഗിൻ ചെയ്യുന്നവരെ വെയിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ബാർഡ് സേവനം ലഭ്യമാകുക. നിലവിൽ, യുഎസ്, യുകെ തുടങ്ങിയ ഇടങ്ങളിലെ ഗൂഗിൾ ഉപഭോക്താക്കൾക്കാണ് ബാർഡിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.

ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയുമായെത്തിയ മൈക്രോസോഫ്റ്റിനെ നേരിടാനാണ് ഗൂഗിൾ ബാർഡ് ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരുന്നത്. ആദ്യമായി അവതരിപ്പിക്കുന്നതിനിടെ ബാർഡ് വരുത്തിയ പിഴവ് കമ്പനിക്ക് വലിയ തോതിൽ തിരിച്ചടിയായിരുന്നു. അതിനാൽ, പിഴവുകൾ പൂർണമായും പരിഹരിച്ച ശേഷമാണ് ബാർഡ് കൂടുതൽ ആളുകളിലേക്ക് അവതരിപ്പിച്ചത്. ചാറ്റ്ജിപിടിയും വെയിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കിയത്.