പരിക്കേറ്റ വാഷിംഗ്‌ടൺ സുന്ദർ ഐപിഎല്ലിൽ നിന്ന് പുറത്ത്

ഐപിഎല്ലിൽ തുടർ തോൽവിയുമായി വലയുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് വീണ്ടും തിരിച്ചടി. പരിക്കേറ്റ വാഷിംഗ്‌ടൺ സുന്ദർ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പതിയെ തുടങ്ങിയ സുന്ദർ മുൻ ചാമ്പ്യന്മാർക്ക് വേണ്ടി താളം കണ്ടെത്താൻ കഴിയാതെ ഉഴലുകയായിരുന്നു.

എന്നാൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഈ കളിയിൽ 23കാരൻ ഹൈദരാബാദിന് വേണ്ടി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ മികവ് കാട്ടി. സുന്ദർ ഡൽഹിക്കെതിരെ ഒരോവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി, അതിൽ ഡേവിഡ് വാർണറുടെ നിർണായക വിക്കറ്റും ഉൾപ്പെടുന്നു.

നാലോവറിൽ 3/28 എന്ന നിലയിലാണ് താരം ബൗളിംഗ് അവസാനിപ്പിച്ചത്. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ഓൾറൗണ്ടർ അവിടെയും ശോഭിച്ചു, 15 പന്തുകളിൽ നിന്ന് 24 റൺസ് നേടിയ അതിവേഗ ഇന്നിംഗ്‌സാണ് സുന്ദർ കാഴ്‌ചവെച്ചത്.

താരം ഫോമിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിത വാർത്ത സൺ റൈസേഴ്‌സ് പുറത്തു വിട്ടിരിക്കുന്നത്. സൺ റൈസേഴ്‌സ് ഹൈദരാബാദ് ഔഗ്യോഗിക് ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ സുന്ദർ പങ്കെടുക്കില്ലെന്ന് മുൻ ഐപിഎൽ ചാമ്പ്യൻമാർ അറിയിച്ചു. കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 60 റൺസും മൂന്ന് വിക്കറ്റുമാണ് സുന്ദർ നേടിയത്.