ചെന്നൈയ്ക്ക് പുതിയ തലവേദന; ബെന്‍ സ്റ്റോക്സിന് പരിക്ക്, ഒരാഴ്ച വിശ്രമം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടിയായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ പരിക്ക്. താരം ഒരാഴ്ചത്തേക്ക് പുറത്തിരിക്കുമെന്ന പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് സ്ഥിരീകരിച്ചു. ഐപിഎല്‍ ചരിത്രത്തിലെ സിഎസ്‌കെയുടെ ഏറ്റവും വിലയേറിയ കളിക്കാരിലൊരാളായ സ്റ്റോക്ക്സിന് ഏപ്രില്‍ 8 ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെയാണ് വിരലിന് പരിക്കേറ്റത്. ഇതിന് മുമ്പ് ചെന്നൈയ്ക്കായി ആദ്യ രണ്ട് മത്സരങ്ങള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. സ്റ്റോക്സിന് ഇതുവരെ നാല് മത്സരങ്ങള്‍ നഷ്ടമായിട്ടുണ്ട്.

ഏപ്രില്‍ 21ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച ശേഷം ഫ്‌ളെമിങ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബെന്‍ സ്റ്റോക്സിന് പരിക്ക് സ്ഥിരീകരിച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ ക്യാപ്റ്റന്‍ എംഎസ് ധോണി പരിക്ക് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ആശങ്കയില്ലെന്നും സിഎസ്‌കെ കോച്ച് പറഞ്ഞു.

”എംഎസ് പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. പരിക്ക് അദ്ദേഹം നന്നായി കൈകാര്യം ചെയ്യുന്നു. അദ്ദേഹം എപ്പോഴും ടീമിനെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നു. പരിക്ക് കാരണം തനിക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയില്ലെന്ന് അറിയാമെങ്കില്‍ അദ്ദേഹം സ്വയം പുറത്ത് ഇരിക്കുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു ആശങ്കയുമില്ല,’ ഫ്‌ളെമിങ് പറഞ്ഞു.

ദീപക് ചാഹറിനും സിസന്ദ മഗലയ്ക്കും പരിക്കേറ്റതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണില്‍ പരിക്ക് തലവേദനയാണ്. കഴിഞ്ഞ ആഭ്യന്തര സീസണ്‍ മുഴുവന്‍ നഷ്ടമായ പേസര്‍ സിമര്‍ജീത് സിംഗും സുഖം പ്രാപിച്ചുവരികയാണ്.