സാംപോളി ലാറ്റിനമേരിക്കയിൽ തിരിച്ചെത്തി; ഇനി സൂപ്പർക്ലബിനൊപ്പം

വിഖ്യാത പരിശീലകൻ ജോർജ് സാംപോളി ലാറ്റിനമേരിക്കൻ ഫുട്ബോളിലേക്ക് തിരിച്ചെത്തി. ബ്രസീലിലെ സൂപ്പർ ക്ലബായ ഫ്ലെമെം​ഗോയുടെ പരിശീലകനായാണ് സാംപോളിയുടെ നിയമനം. ഒരു വർഷത്തെ കരാറിലാണ് ഈ അർജന്റൈൻ പരിശീലകൻ ബ്രസീൽ വമ്പന്മാർക്കൊപ്പം ചേരുന്നത്.

സ്പാനിഷ് സൂപ്പർ ക്ലബ് സെവിയ്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് സാംപോളി പുറത്തായത് കഴിഞ്ഞ മാസമാണ്. തുടർന്നാണിപ്പോൾ ബ്രസീലിലേക്കുള്ള തിരിച്ചുവരവ്. മുമ്പ് ബ്രസീലിലെ പ്രധാന ക്ലബുകളായ സാന്റോസിനേയും അത്ലിറ്റിക്കോ മിനെയ്റോയേയും സാംപോളി പരിശീലിപ്പിച്ചിട്ടുണ്ട്.

ഫ്ലെമം​ഗോയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം അർജന്റൈൻ പരിശീലകനാണ് സാംപോളി. പോർച്ചു​ഗീസ് പരിശീലകനായ വിറ്റർ പെരേയ്രയെ പുറത്താക്കിയ ഒഴിവിലേക്കാണ് സാംപോളിയുടെ നിയമനം. ബ്രസീലിലെ ലീ​ഗ് പോരാട്ടമായി സെരി എ നാളെ തുടങ്ങാനിരിക്കെയാണ് സാംപോളിയുടെ വരവ്. കഴിഞ്ഞ തവണ ലീ​ഗിൽ അഞ്ചാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്.