വമ്പൻ പേരുകളൊക്കെ വെട്ടി; സർപ്രൈസ് പരിശീലകനെ പ്രഖ്യാപിച്ച് ലെസ്റ്റർ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ലെസ്റ്റർ സിറ്റിയുടെ പരിശീലകനായി ഡീൻ സ്മിത്തിനെ നിയമിച്ചു. ഈ സീസൺ അവസാനം വരെയാണ് ഇം​ഗ്ലീഷ് പരിശീലകനായ സ്മിത്തിന്റെ ചുമതല. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

പ്രീമിയർ ലീ​ഗിൽ തരംതാഴ്ത്തൽ ഭീഷണിയിലാണ് ലെസ്റ്റർ. ഇതോടെ നാല് വർഷമായി ക്ലബിന്റെ ചുമതല വഹിക്കുന്ന ബ്രണ്ടൻ റോഡ്ജേഴ്സിനെ ഈ മാസം ആദ്യം ക്ലബ് പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് സ്മിത്തിന്റെ നിയമനം. ബ്രെന്റ്ഫോർഡ്, ആസ്റ്റൺ വില്ല, നോർവിച്ച് സിറ്റി എന്നീ പ്രധാന ക്ലബുകളെ പരിശീലിപ്പിച്ച പരിചയം സ്മിത്തിനുണ്ട്.

ബ്രണ്ടൻ റോഡ്ജേഴ്സിന് പകരക്കാരനായ പല വൻ പേരുകളും ക്ലബ് പരി​ഗണിച്ചിരുന്നു. റാഫേൽ ബെനിറ്റസ്, ജെസ്സെ മാർഷ് തുടങ്ങിയവരുമായി ക്ലബ് ചർച്ചകളും നടത്തിയിരുന്നു. റാൾഫ് ഹസൻഹട്ടിലിന്റെ പേരും ചർച്ചകളിലുയർന്നിരുന്നു. എന്നാൽ ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ നോർവിച്ച് വിട്ട സ്മിത്തിൽ വിശ്വാസമർപ്പിക്കാൻ ലെസ്റ്റർ തീരുമാനിക്കുകയായിരുന്നു.