രാജ്യത്തുടനീളം കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് തടയാൻ കൂടുതൽ മുൻകരുതൽ എടുക്കാൻ ബിസിസിഐ ഇപ്പോൾ ടീം ഉടമകളോടും കളിക്കാരോടും സപ്പോർട്ട് സ്‌റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്ലിൽ കോവിഡ് തടയാൻ കൂടുതൽ ജാഗ്രതയോടെ ഇരിക്കണമെന്ന് ബിസിസിഐ എല്ലാവരോടും ആവശ്യപ്പെട്ടതായി ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.
“ഐപിഎല്ലിൽ കോവിഡ് നിയന്ത്രിക്കാൻ കൂടുതൽ ജാഗ്രത പുലർത്താൻ ബിസിസിഐ എല്ലാവരോടും അഭ്യർത്ഥിച്ചു. കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം, എന്നാൽ ആശങ്കപ്പെടേണ്ടതില്ല, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഞങ്ങൾ കളിക്കാരോടും സപ്പോർട്ട് സ്‌റ്റാഫുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. കളിക്കാരുടെ ആരോഗ്യവും സുരക്ഷയും ഞങ്ങൾക്ക് പരമപ്രധാനമാണ്. ഗവൺമെന്റിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്തായാലും പിന്തുടരും. ഞങ്ങളുടെ സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്, കോവിഡിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടേണ്ട കാര്യമില്ല” അവർ അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4435 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിന് ഇടയിലാണ് ഐപിഎൽ നടക്കുന്നത്. പുതിയ കേസുകളെത്തുടർന്ന്, ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 4.47 കോടിയായി ഉയർന്നപ്പോൾ ഛത്തീസ്‌ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതേസമയം ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാൻ ഒരുങ്ങുകയാണ്. പരിചയസമ്പന്നനായ നിതീഷ് റാണയുടെ നേതൃത്വത്തിൽ, വ്യാഴാഴ്‌ച (ഏപ്രിൽ 6) ആർസിബിക്ക് എതിരെ ഇറങ്ങുമ്പോൾ ഈഡൻ ഗാർഡൻസിൽ കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി.