കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം


ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പെൻഷൻ ഉൾപ്പടെ നൽകുന്നതിനും കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

കടമെടുപ്പ് നയപരമായ വിഷയമാണെന്നും അതിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. അധിക കടമെടുപ്പിന് കേരളത്തെ അനുവദിച്ചാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. കടമെടുക്കാൻ അനുമതി ഉള്ളത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം ആണ് എന്നാൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും ഈ പരിധിക്കപ്പുറം കടമെടുക്കാൻ കേരളത്തെ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വിശദമാക്കി.

2021-22 സാമ്പത്തിക വർഷം നാല് ശതമാനവും തൊട്ടടുത്ത സാമ്പത്തിക വർഷം 3.5 ശതമാനവും കടമെടുക്കാൻ അനുവദിച്ചിട്ടുണ്ട് എന്നാണ് കേന്ദ്രം സുപ്രീം കോടതിയിയെ അറിയിച്ചിരിക്കുന്നത്. കേരളത്തിനെ അധികം കടമെടുക്കാൻ അനുവദിച്ചാൽ മറ്റ് സംസ്ഥാനങ്ങളുടെ കടമെടുപ്പിനെയും ബാധിക്കാനിടയുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. കടമെടുപ്പ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കിൽ കേരളം കൂടുതൽ പ്രതിസന്ധിയിൽ അകപ്പെട്ടേനെയെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.