പ്രവാസി സംരംഭകർക്ക് സന്തോഷ വാർത്ത! വായ്പാ നിർണയ ക്യാമ്പുമായി നോർക്ക റൂട്സ്


തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായി വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായാണ് വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16-ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കേരള ബാങ്ക് റീജിയണൽ ഓഫീസ് ബിൽഡിംഗിൽ രാവിലെ 10 മണി മുതലാണ് ക്യാമ്പ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺസ് എമിഗ്രൻസ് അഥവാ എൻഡിപിആർഇഎം പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്യിത്, നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികൾക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നിലവിലുള്ളവ വിപുലീകരിക്കുന്നതിനും അപേക്ഷ സമർപ്പിക്കാനാകും. താൽപ്പര്യമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 16-ന് നടക്കുന്ന വായ്പ നിർണയ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം അനുവദിക്കുക. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ കഴിയും.