ചരൺ സിങിന് ഭാരത് രത്‌നയ്‌ക്ക്‌ പിന്നാലെ ചെറുമകൻ ഇൻഡ്യസഖ്യം വിട്ട് ബിജെപിയുമായി കൈകോർത്തു


മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്നം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള ആര്‍എല്‍ഡി (രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി വിട്ട് ബിജെപിയുമായി സഖ്യമുറപ്പിച്ചു.

പുതിയ സഖ്യധാരണ പ്രകാരം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രണ്ട് സീറ്റില്‍ ആര്‍എല്‍ഡി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാഗ്പട്ട്, ബിജ്‌നോര്‍ മണ്ഡലങ്ങളാണ് ആര്‍എല്‍ഡിയ്ക്ക് ലഭിക്കുക. കൂടാതെ ആര്‍എല്‍ഡിയ്ക്ക് ഒരു രാജ്യസഭാ സീറ്റും എന്‍ഡിഎ വാഗ്ദാനം ചെയ്തിട്ടുണ്ട്.

‘ഇന്ന് എനിക്ക് വലിയൊരു ദിവസവും വൈകാരിക നിമിഷവുമാണ്. രാഷ്ട്രപതിക്കും സർക്കാരിനും പ്രധാനമന്ത്രി മോദിക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു, കാരണം ഇത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൻ്റെ ഭാഗമായിരുന്നു. മൂന്ന് അവാർഡുകൾ ലഭിച്ചു. ജനങ്ങളുടെ വികാരം ഈ തീരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു’- ജയന്ത് ചൗധരി പ്രതികരിച്ചു.

സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ പ്രദേശത്തെ സ്വാധീനശക്തിയാണ് ആര്‍എല്‍ഡി. ജാട്ട് വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം കൂടി നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോള്‍.