തോൽപ്പെട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം, പുലിയെന്ന് സംശയം


മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ വനപാലകനെ വന്യജീവി ആക്രമിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വനപാലകനായ വെങ്കിട്ടദാസിനെയാണ് വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചതെന്നാണ് സൂചന. നിലവിൽ, വെങ്കിട്ടദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയാണ് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വെച്ച് ആക്രമണം ഉണ്ടായത്. വന്യജീവി ആക്രമണത്തെ തുടർന്ന് വെങ്കിട്ടദാസന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രിയാതിനാൽ പുലിയോ കടുവയോ അതോ മറ്റേതെങ്കിലും വന്യജീവിയാണോ ആക്രമിച്ചതെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. പരിക്കേറ്റ വെങ്കിട്ടദാസനെ ആദ്യം മാനന്തവാടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും, പിന്നീട് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.