6 മാസത്തിനിടെ കൊല്ലപ്പെട്ടത് 9 സ്ത്രീകള്‍, ജനങ്ങളെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍: പൊലീസ് തെരച്ചില്‍



ലക്‌നൗ: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന സീരിയല്‍ കില്ലറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ വര്‍ഷം ജൂണ്‍ മുതല്‍ ബറേലി നഗരത്തില്‍ ഒമ്പത് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സീരിയല്‍ കില്ലര്‍ പേടി പരന്നതോടെ സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും കൂട്ടമായി മാത്രമേ പുറത്തിറങ്ങാവൂ എന്നും ലോക്കല്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു.

Read Also: ലോഡ്ജില്‍ തമ്പടിച്ച കഞ്ചാവുകടത്തുകാർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

നഗരത്തിലെ ഷാഹി, ഫത്തേഗഞ്ച് വെസ്റ്റ്, ഷീഷ്ഗഡ് പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരകള്‍ എല്ലാം 50 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വയലില്‍ തള്ളുകയാണ് കൊലയാളിയുടെ പതിവ്. ഇവരെ കൊള്ളയടിക്കുകയോ, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയോ ചെയ്യാറില്ലെന്നും പൊലീസ് പറയുന്നു.

സീരിയല്‍ കില്ലര്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. നഗരത്തിലുടനീളം പൊലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചു. വാഹന പരിശോധന കര്‍ശനമാക്കി.