ഓപ്പറേഷൻ കാവേരി: രണ്ടാമത്തെ വിമാനവും ഇന്ത്യയിലെത്തി

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്കായുള്ള രക്ഷാധൗത്യം ഓപ്പറേഷൻ കാവേരിയുടെ രണ്ടാമത്തെ വിമാനവും ഇന്ത്യയിലെത്തി. 246 ഇന്ത്യക്കാരുമായി ഇന്ത്യൻ വ്യോമസേനാ വിമാനം വ്യാഴാഴ്ച മുംബൈയിൽ ഇറങ്ങി. രാവിലെ 11 മണിയോടെ ജിദ്ദയിൽ നിന്ന് പറന്നുയർന്ന വിമാനം ഉച്ചകഴിഞ്ഞ് 3.30 ഓടെ മുംബൈയിൽ ലാൻഡ് ചെയ്തു.

സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. രക്ഷപ്പെടുത്തുന്നവരെ സൗദി അറേബ്യൻ നഗരമായ ജിദ്ദയിലെത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ 360 ഇന്ത്യക്കാരുമായി ഒരു വാണിജ്യ വിമാനം ഇന്നലെ രാത്രിയോടെ ന്യൂഡൽഹിയിൽ ഇറക്കിയിരുന്നു.

“സുഡാനിലെ സുരക്ഷാ സാഹചര്യം വളരെ സങ്കീർണ്ണവും വളരെ അസ്ഥിരവും പ്രവചനാതീതവുമാണ്, ആ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഓരോ ഇന്ത്യക്കാരനെയും അപകടത്തിൽ നിന്ന് കരകയറ്റുക എന്നതാണ് ഇന്ത്യയുടെ ലക്‌ഷ്യം”- ‘ഓപ്പറേഷൻ കാവേരി’യെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കവേ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. സംഘർഷ ഭൂമിയിൽ നിന്ൻ ഏകദേശം 1,700 മുതൽ 2,000 വരെ ഇന്ത്യൻ പൗരന്മാരെ സംഘർഷ മേഖലകളിൽ നിന്ന് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.